23
Sep 2025
Thu
23 Sep 2025 Thu
Thrissur Archdiocese of the Syro-Malabar Church slams rss and Suresh Gopi

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി വിജയിച്ചത് വോട്ടുകൊള്ളയിലൂടെയെന്ന ആരോപണം ശരിവച്ച് സിറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപത മുഖപത്രം. സംഘ്പരിവാറിന് വര്‍ഗീയ അന്ധതയാണെന്നും ആര്‍എസ്എസിന്റെ കെണിയില്‍ ചില മെത്രാന്മാര്‍ വീണുവെന്നും ‘കത്തോലിക്കാ സഭ’യുടെ സെപ്റ്റംബര്‍ ലക്കത്തിലെ മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

വോട്ടര്‍പട്ടികയിലെ വലിയ കൊള്ള മറച്ചുപിടിക്കാന്‍ ക്രിസ്ത്യന്‍ പള്ളികളിലേക്കും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഇരകളുടെ വീടുകളിലേക്കും കോളനികളിലേക്കും സുരേഷ്‌ഗോപിയെ ആസൂത്രിതമായി പറഞ്ഞുവിട്ടത് ആര്‍.എസ്.എസിന്റെ ഗൂഢതന്ത്രമായിരുന്നു. ചില മെത്രാന്മാര്‍ ഈ തന്ത്രത്തില്‍ വീണു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ 1.46 ലക്ഷത്തിലധികം വോട്ടുകള്‍ കൂടി. സുരേഷ് ഗോപി ജയിച്ചതു 74,686 വോട്ടിനാണ്. പുതിയ ഒരു ലക്ഷം വോട്ടുകള്‍ എങ്ങനെ വന്നുവെന്ന് മുഖപ്രസംഗം ചോദിക്കുന്നു.

തൃശൂരിനു പുറത്തുള്ള ഒരു ലക്ഷത്തോളം ആളുകളെ വോട്ടര്‍ പട്ടികയില്‍ തിരുകിക്കയറ്റിയാണ് സുരേഷ് ഗോപി ജയിച്ചത്. മണ്ഡലത്തില്‍ ഇടതുമുന്നണിയുടെയും യു.ഡി.എഫിന്റയും ദൗര്‍ബല്യം മനസിലാക്കിയാണ് ഇതു നടത്തിയത്. വോട്ടര്‍പട്ടികയിലെ കൊള്ള തിരിച്ചറിയാതിരിക്കാന്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്കു മറിഞ്ഞുവെന്ന പ്രചാരണം ഇപ്പോഴും ആര്‍.എസ്.എസ് നടത്തുകയാണ്. ‘കാസ’ കുത്തിവയ്ക്കുന്ന വിഷബീജത്തിന്റെ ഉറവിടം മനസിലാക്കാതെയും ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിനെതിരേയും വിമര്‍ശനമുണ്ട്. സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വര്‍ഗീയ അന്ധതയാണ്. നിരപരാധികളെ കുരുക്കാനുള്ള ഏറ്റവും വലിയ ആയുധമാണ് മാവോയിസ്റ്റ് ബന്ധം. ഇതെടുത്ത് മിഷനറിമാര്‍ക്കു നേരെ ഉപയോഗിച്ചുവെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

കത്തോലിക്ക മെത്രാന്‍ സമിതിയുടെ തലവനായ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ് കത്തോലിക്ക സഭ മാസിക പ്രസിദ്ധീകരിക്കുന്ന അതിരൂപത ആര്‍ച്ച് ബിഷപ്പ്.

The Thrissur Archdiocese of the Syro-Malabar Church says that Union Minister of State Suresh Gopi won from the Lok Sabha constituency through vote-rigging.