തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ചുകൊന്ന കേസിൻറെ വിചാരണ ഡിസംബർ രണ്ടിന് തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡിസംബർ 18വരെയാണ് വിചാരണ നടക്കുക.
|
2019 ആഗസ്ത് മൂന്നിന് പുലർച്ചെ ഒന്നിനാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ചു ബഷീർ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കട്ടരാമനായിരുന്നു സംഭവസമയം കാറോടിച്ചിരുന്നതെന്നും ഈ സമയം ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.
100 സാക്ഷികളാണ് കേസിലുള്ളത്. ഇതിൽ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ളവരെയാണ് രണ്ടാം ഘട്ടത്തിൽ വിസ്തരിക്കുക. രണ്ടു മുതൽ ആറു വരെയുള്ള സാക്ഷികൾ സംഭവം നേരിൽ കണ്ടു എന്നാണ് പോലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടർ വകുപ്പ് നിയമം 184 എന്നിവ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക.
കെ എം ബഷീറിന്റെ മൊബൈൽ ഫോൺ ഇതുവരെയും വീണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് കുടുംബം പലപ്പോഴായി പരാതിപ്പെട്ടിരുന്നു. ശ്രീ റാം വെങ്കിട്ടരാമനെ പിടികൂടിയ സമയത്ത് വൈദ്യപരിശോധനയ്ക്കെത്തിക്കാതെ പോലീസ് വൈകിപ്പിച്ചുവെന്ന കാര്യവും അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ALSO READ: കെ എം ബഷീറിനെ കാറിടിപ്പിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് സുപ്രിം കോടതിയില്‍ തിരിച്ചടി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





