|
ന്യൂഡല്‍ഹി: യു.എസിന്റ പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് എട്ടാമത്തെ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ഡൊണാള്‍ഡ് ട്രംപ്. രണ്ടാം തവണ അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ സംസാരമാണിത്.
ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും പ്രധാനമന്ത്രി മോദിയെയും ഇന്ത്യയെയും യഥാര്‍ത്ഥ സുഹൃത്തുക്കളായി കണക്കാക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ലോകസമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചതായും പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു. യു.എസുമായി പരസ്പരം പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.
‘എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ചരിത്രപരമായ രണ്ടാം ടേമില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. പരസ്പര പ്രയോജനകരവും വിശ്വസനീയവുമായ ഒരു പങ്കാളിത്തത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും- പ്രധാനമന്ത്രി മോദി ട്വീറ്റ്‌ചെയ്തു.
ഈ മാസം 20നാണ് യു.എസിന്റെ 47 മത് പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് സര്‍ക്കാരിന്റെ ക്ഷണപ്രകാരം ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മോദിയെ ക്ഷണിച്ചിരുന്നില്ല. പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആണ് പങ്കെടുത്തത്.
നവംബര്‍ ഏഴിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി അദ്ദേഹവുമായി സംസാരിച്ചിരുന്നു. സംഭാഷണത്തിനിടെ ട്രംപ് പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുകയുണ്ടായി.
Trump calls Modi on the eighth day of his presidency


