15
Aug 2025
Sat
15 Aug 2025 Sat
Turkiye's Foreign Minister Hakan Fidan

ഗസാ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിച്ച് തുര്‍ക്കി. അവരുടെ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചതായും തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കന്‍ ഫിദാന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകത്തിന്റെ കണ്‍മുന്നില്‍ വെച്ച് അടിസ്ഥാന മാനുഷിക മൂല്യങ്ങളെ അവഗണിച്ച് ഇസ്രയേല്‍ ഗാസയില്‍ വംശഹത്യ നടത്തുകയാണ്,” വെള്ളിയാഴ്ച ഗസയെക്കുറിച്ച് തുര്‍ക്കി പാര്‍ലമെന്റിന്റെ അസാധാരണ സമ്മേളനത്തില്‍ സംസാരിച്ച ഫിദാന്‍ പറഞ്ഞു.

സ്ഥിരമായ വെടിനിര്‍ത്തലും ഗസയിലേക്ക് മാനുഷിക സഹായം ഉടന്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് തുര്‍ക്കി കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്രയേലുമായുള്ള നേരിട്ടുള്ള വ്യാപാര ബന്ധം വിച്ഛേദിച്ചിരുന്നു. 2023-ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ 7 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നിരുന്നു.

ALSO READ: ഇസ്രായേലിനു കനത്ത പ്രഹരം, നാല് സയണിസ്റ്റ് സൈനികരെ ഹമാസ് ബന്ദിയായി പിടിച്ചു കൊണ്ടുപോയി, ആൾനാശം ഉണ്ടായതായും റിപ്പോർട്ട്‌

ഗസയിലെ ഇസ്രയേലിന്റെ യുദ്ധത്തെക്കുറിച്ച് അങ്കാറ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഗസയിലെ ഇസ്രായേല്‍ ആക്രമണത്തെ വംശഹത്യയെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നാസി ജര്‍മ്മനിയുടെ നേതാവായ അഡോള്‍ഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്യുകയും ചെയ്തു.

”ഞങ്ങള്‍ ഇസ്രായേലുമായുള്ള വ്യാപാരം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ഇസ്രായേലി തുറമുഖങ്ങളിലേക്ക് തുര്‍ക്കി കപ്പലുകള്‍ പോകാന്‍ അനുവദിക്കില്ല. അവരുടെ വിമാനങ്ങളെ ഞങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല,” ഫിദാന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളായി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ റസൂല്‍ സെര്‍ദാര്‍ പറഞ്ഞു.

”തുര്‍ക്കി ക്രമേണ ഇസ്രായേലിനെ ഒരു ദേശീയ സുരക്ഷാ ഭീഷണിയായി കാണുന്നുണ്ട്,” സെര്‍ദാര്‍ വിശദീകരിച്ചു. ഇസ്രയേലിന്റെ വികസനവും മിഡില്‍ ഈസ്റ്റിലെ ആക്രമണങ്ങളും ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയിലെ 14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന് ശേഷമുള്ള രാജ്യത്തിന്റെ വീണ്ടെടുക്കല്‍ ശ്രമങ്ങളെ ഇസ്രയേല്‍ മനഃപൂര്‍വം തുരങ്കം വെക്കുന്നുവെന്ന് അങ്കാറ ആരോപിച്ചിരുന്നു.

”ഇസ്രയേലിനെ തടഞ്ഞില്ലെങ്കില്‍ ഈ രണ്ട് രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അങ്കാറയിലെ നയതന്ത്രജ്ഞര്‍ കരുതുന്നു,” അദ്ദേഹം പറഞ്ഞു.

ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പല്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായി കഴിഞ്ഞ ആഴ്ച തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു, പക്ഷേ ഔദ്യോഗിക പ്രസ്താവനയൊന്നും ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രായേലി കപ്പലുകള്‍ തുര്‍ക്കിയില്‍ അടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും തുര്‍ക്കി പതാകയുള്ള കപ്പലുകളെ ഇസ്രയേലി തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെടുന്നു

തുര്‍ക്കിയുടെ ഈ നീക്കം ഇസ്രായേലിനെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന് ഇസ്രായേലി രാഷ്ട്രീയ നിരീക്ഷകന്‍ അകിവാ എല്‍ദാര്‍ പറഞ്ഞു.

”ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിക്കുന്ന മറ്റൊരു രാജ്യം മാത്രമല്ല തുര്‍ക്കി. തുര്‍ക്കി വര്‍ഷങ്ങളായി ഇസ്രയേലിന്റെ സഖ്യകക്ഷിയും ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു വിപണിയുമായിരുന്നു,” എല്‍ദാര്‍ പറഞ്ഞു. നിരവധി ഇസ്രയേലികള്‍ക്ക് ഇഷ്ടപ്പെട്ട വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രം കൂടിയായിരുന്നു തുര്‍ക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.