കൊല്ലം അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികളായ രണ്ട് മുന്‍ സൈനികര്‍ 19 വര്‍ഷത്തിനുശേഷം പിടിയില്‍. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് സിബിഐയുടെ പിടികൂടിയത്. പോണ്ടിച്ചേരിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
|
കൃത്യശേഷം കടന്നുകളഞ്ഞ ഇരുവരും പോണ്ടിച്ചേരിയില്‍ വ്യാജപേരില്‍ ഇവിടെ നിന്ന് വിവാഹവും കഴിച്ച് കുടുംബവുമൊത്ത് താമസിച്ചുവരികയായിരുന്നു. പത്താന്‍കോട്ട് യൂനിറ്റില്‍ ജോലി ചെയ്തുവന്നിരുന്ന ഇരുവരും ലീവിനെത്തിയാണ് കൊലപാതകം നടത്തിയത്. കൃത്യശേഷം ജോലി സ്ഥലത്തേക്ക് പോവാതിരുന്ന ഇരുവരും പോണ്ടിച്ചേരിയില്‍ ഇന്റീറിയര്‍ ഡിസൈനിങ് സ്ഥാപനം നടത്തിവരികയായിരുന്നു.
2006 ഫെബ്രുവരിയില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയായ അവിവാഹിത രഞ്ജിനിയും ഇവരുടെ രണ്ട് പെണ്‍കുഞ്ഞുങ്ങളും കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. സൈനികനായ ദിബില്‍ കുമാറുമായുള്ള ബന്ധത്തിലായിരുന്നു രഞ്ജിനിക്കു കുട്ടികള്‍ ജനിച്ചത്. കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ദിബില്‍ കുമാറിനെതിരേ രഞ്ജിനിയും കുടുംബവും പരാതികളുന്നയിച്ചിരുന്നു. കുട്ടികളുടെ ഡിഎന്‍എ അടക്കം പരിശോധിക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് തെളിവുകള്‍ നശിപ്പിക്കാനായി ദിബില്‍കുമാറും കൂട്ടുകാരനായ രാജേഷും വീട്ടിലെത്തി രഞ്ജിനെയും മക്കളെയും കൊലപ്പെടുത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കൃത്യത്തിനു പിന്നില്‍ ദിബില്‍ കുമാറും രാജേഷുമാണെന്ന് കണ്ടെത്തി. എന്നാല്‍ ഇവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ തുക രണ്ടുലക്ഷമാക്കി വര്‍ധിപ്പിച്ചു. രണ്ടാഴ്ചമുമ്പ് ഇരുവരെയും കുറിച്ചുള്ള വിവരം സിബിഐക്ക് ലഭിക്കുകയും പിടികൂടുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





