23
Sep 2022
Sun
23 Sep 2022 Sun

ദോഹ: ഉറങ്ങിക്കിടക്കുന്ന ബാലികയെ കാണാതെ ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോയതിനെ തുടർന്ന് സ്കൂൾ ബസ്സിനുള്ളിൽ കുടുങ്ങി മലയാളിപെൺകുട്ടി നാലുവയസ്സുകാരി മിൻസ മറിയം ജേക്കബ് ഖത്തറിൽ മരിച്ചതിനു പിന്നാലെ സ്‌കൂളുകളുടെ അനാസ്ഥ വെളിപ്പെടുത്തി നിരവധി രക്ഷിതാക്കൾ. ഇതിനുമുമ്പും ഉറങ്ങിയ കുട്ടികളുമായി ഡ്രൈവർമാർ ബസ് പാർക്ക് ചെയ്ത അനുഭവമുണ്ടായിട്ടുണ്ടെന്നും രണ്ട് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടതായും മാതാപിതാക്കളെ ഉദ്ധരിച്ച് മിഡിൽ ഈസ്റ്റ് ഐ റിപോർട്ട് ചെയ്തു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സ്‌കൂൾ ബസ് ജീവനക്കാരെ വിശ്വാസമില്ലെന്ന് തൻ്റെ സുഹൃത്തിനുണ്ടായ ദുരനുഭവം മുൻനിർത്തി റിയൽ എസ്റ്റേറ്റ് മാനേജറായ റയീസ് അലി പറഞ്ഞു. കെ.ജിയിൽ പഠിക്കുന്ന മകൻ സ്‌കൂൾ കഴിഞ്ഞു വീട്ടിലെത്താതിരുന്നതിനെ തുടർന്ന് സുഹൃത്ത് സ്‌കൂളിൽ വിളിച്ചു. കുട്ടി ക്ലാസ്സിൽ എത്തിയില്ലെന്നായിരുന്നു അധ്യാപകർ നൽകിയ മറുപടി. എന്നാൽ ഇതിനിടെ ബസ്സിൽ ഉറങ്ങിപ്പോയതിനെ തുടർന്ന് കുടുങ്ങിപ്പോയ കുട്ടിയെ ഏറെവൈകി കണ്ടെത്തിയ ഡ്രൈവർമാർ വീട്ടിലെത്തുകയായിരുന്നുവെന്ന് റയീസ് പറഞ്ഞു.

 

കുട്ടികളെ രാവിലെ സ്കൂളിൽ ഇറക്കികഴിഞ്ഞ് ഡ്രൈവർ ബസ്സുമായി തൻ്റെ വീട്ടിലേക്കു പോയിരുന്നു. ബസ്സിൽ ഒരു കുട്ടി ഉറങ്ങിക്കിടക്കുന്നത് ഡ്രൈവർ ശ്രദ്ധിച്ചിരുന്നില്ല. ഉറക്കമുണർന്ന കുട്ടി കരയുകയും ജനവാതിലിൽ ശക്തിയായി ഇടിക്കുകയും ചെയ്തു. ബഹളംകേട്ട് നോക്കുമ്പോഴാണ് കുട്ടിയെ കണ്ടെത്തുന്നതും അപകടം ഒഴിവാകുന്നതും. 
ഉറങ്ങിയതിനാൽ തൻ്റെ സഹോദരന്റെ മകൻ സ്‌കൂൾ ബസ്സിൽ അകപ്പെട്ടതായി ഫോട്ടോഗ്രാഫർ സലിം മാത്രംകോട് പറഞ്ഞു.”ഭാഗ്യത്തിന് പതിനഞ്ചു മിനിട്ടിന് ശേഷം ആരോ അവനെ കാണുകയായിരുന്നു. അല്പം തണുത്ത കാലാവസ്ഥയായിരുന്നു അപ്പോഴത്തേത് എന്നതും ​ഗുണം ചെയ്തുവെന്നും സലിം പറയുന്നു. 

 

വിദ്യാഭ്യാസ മന്ത്രാലയം അടച്ചുപൂട്ടിയ സ്പ്രിംഗ് ഫീൽഡ് സ്‌കൂളിൽ തൻ്റെ മക്കൾ പഠിച്ചിരുന്നെന്നും അവരുടെ ബസ്സുകളിൽ ഒരിക്കലും ഒരു ആയയെ കണ്ടിട്ടില്ലെന്നും കുട്ടികൾ വരുന്നതും പോകുന്നതും നിരീക്ഷിക്കാൻ അധ്യാപകർ ഉണ്ടായിരുന്നില്ലെനും ഇത് സംസാരിക്കാൻ ട്രാൻസ്‌പോർട് കോഓഡിനേറ്റർ ഉണ്ടായിരുന്നില്ലെന്നും അബ്ദുല്ലക്കുട്ടി അഹ്മദ് പറഞ്ഞു. ഒരിക്കൽ തൻ്റെ മകളുടെ 50,000 റിയാൽ വിലവരുന്ന ശ്രവണ സഹായി സ്‌കൂളിൽ നഷ്ടപെട്ടു. പക്ഷെ സ്‌കൂളിൽ ഒരു സി.സി.ടി.വി ക്യാമറ ഇല്ലാത്തതിനാൽ അത് കണ്ടെത്താൻ പറ്റിയില്ല. സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്നതാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശമെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി

 

അതേസമയം, സ്‌പ്രിങ് ഫീൽഡ് സ്‌കൂൾ സംഭവത്തിന് ശേഷം ദോഹയിലെ ഒരു പ്രമുഖ സ്‌കൂൾ തങ്ങളുടെ സ്‌കൂൾ ബസ്സിലെ കുട്ടികളുടെ ഉത്തരവാദിത്വം ബസ്സിൽ യാത്ര ചെയ്യുന്ന അധ്യാപകരെ ഏൽപ്പിച്ചിരിക്കുകയാണ്. കുട്ടികൾ ഇറങ്ങിയതിന് ശേഷം ബസ് ചെക്ക് ചെയ്ത് ഈ അധ്യാപകർ ക്ലിയറൻസ് നോട്ട് നൽകണമെന്നാണ് നിർദേശം. 

 

അതിരാവിലെ സ്‌കൂൾ തുടങ്ങുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ചിലർ അഭിപ്രായപ്പെടുന്നു. അഞ്ചരയ്ക്ക് ഡ്യൂട്ടി തുടങ്ങാൻ ഒരു സ്‌കൂൾ ഡ്രൈവർ രാവിലെ മൂന്നരയ്ക്ക് എണീക്കണം. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ല. ഡ്യൂട്ടിയിലായതിനാൽ ഉച്ചയ്ക്കും ഉറങ്ങാൻ സാധിക്കുന്നില്ല. ഏഴ് മണിക്ക് സ്‌കൂളിൽ എത്താൻ കുട്ടികളും അതിരാവിലെ എണീക്കണം. പലരുടെയും ഉറക്കം സ്‌കൂൾ ബസ്സിലാണെന്നും നിരവധിപേർ പരാതിപ്പെട്ടു.