
കണ്ണൂര്‍: ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ വിനോദയാത്രയ്ക്കിടെ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങി മരിച്ചു. ( two-malayali-women-dead-one-injured-in-sydneys-south )കണ്ണൂര്‍ എടക്കാട് സ്വദേശിനിയുമായ മര്‍വ ഹാശിം (35), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി -38) എന്നിവരാണ് മരിച്ചത്.
![]() |
|
തിങ്കളാഴ്ച്ച വൈകീട്ട് 4:30ന് സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലാണ് സംഭവം. പാറക്കെട്ടുകളില്‍ ഫോട്ടെ എടുക്കാന്‍ കയറിയപ്പോള്‍ മര്‍വയും നരേഷയുമടക്കം മൂന്ന് പേര്‍ കടലിലേക്ക് വീഴുകയായിരുന്നു. ഷാനിയുടെ സഹദോരി പരിക്കുകളോടെ രക്ഷപ്പെട്ടു. പരിസരത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ കടലില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശക്തമായ തിരമാലകളും വഴുവഴുപ്പുള്ള പാറകളുമാണ് അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. മുങ്ങിമരണം നടന്ന പ്രദേശം ‘ബ്ലാക് സ്‌പോട്’ എന്നാണ് പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഈ സ്ഥലത്ത് നേരത്തെയും സമാന രീതിയിലുള്ള അപകട മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ആസ്േ്രതലിയയിലെ പെര്‍ത്തില്‍ നടന്ന CAA, NRC വിരുദ്ധ പോരാട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച മുന്‍ നിര സംഘാടകയും കൂടിയായിരുന്നു മര്‍വ ഹാഷിം. യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയില്‍ നിന്നും ഡിസ്റ്റിങ്ഷനോടെ മാസ്റ്റര്‍ ഓഫ് സസ്‌ടൈനബിലിറ്റിയില്‍ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയിരുന്നു.
പാറക്കെട്ടില്‍ പിടിച്ച് കിടക്കാന്‍ പറ്റിയതുകൊണ്ടാണ് മൂന്നാമത്തെയാള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഖബറടക്കം സിഡ്‌നിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കെ.എം.സി.സി സ്ഥാപക നേതാവ് സി. ഹാശിം കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാശിം ദമ്പതികളുടെ മകളാണ് മര്‍വ. തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യയാണ്. മക്കള്‍ ഹംദാന്‍ (15), സല്‍മാന്‍ (13), വഫ (ഒമ്പത്). സഹോദരങ്ങള്‍ ഹുദ, ആദി.
എ.എസ്. റഹ്‌മാന്‍ ലൈല ദമ്പതികളുടെ മകളാണ് മരിച്ച നരെഷ ഹാരിസ്. ഭര്‍ത്താവ് ടി.കെ. ഹാരിസ്. മക്കള്‍ സായാന്‍ അയ്മിന്‍, മുസ്‌ക്കാന്‍ ഹാരിസ്, ഇസ്ഹാന്‍ ഹാരിസ്. സഹോദരങ്ങള്‍ ജുഗല്‍, റോഷ്ന.