30
May 2023
Fri
30 May 2023 Fri

മലപ്പുറം: ഹോട്ടല്‍ വ്യാപാരിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളിയ കേസിൽ രണ്ട് പേർ കൂടി പൊലീസ് പിടിയിൽ. ചെന്നൈയിൽ നിന്ന് അറസ്റ്റിലായ പ്രതി ഫർഹാനയുടെ സഹോദരൻ ഷുക്കൂറിനെയും സുഹൃത്ത് ആഷിഖിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ചെർപ്പുളശേരിയിൽ നിന്നാണ് ആഷിഖിനെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലപാതകം നടക്കുന്ന സമയത്ത് ആഷിഖ് കോഴിക്കോട്ടെ ഹോട്ടലിൽ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പണം പിൻവലിക്കുമ്പോഴും ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഷുക്കൂറിനെ ചളവറയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോവുന്ന ദൃശ്യങ്ങളിൽ ഷുക്കൂറും ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇതോടെ കേസിൽ നാലു പേര്‍ പിടിയിലായി. ‌‌

കോഴിക്കോട് ചിക്ക് ബേക്ക് എന്ന ഹോട്ടൽ നടത്തുകയായിരുന്ന തിരൂർ സ്വദേശി സിദ്ധീഖ് (58) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹം ഉള്ള ട്രോളി ബാഗ് പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പിടിയിലായ ഹോട്ടലിലെ ജീവനക്കാരനായിരുന്ന 22കാരനായ വല്ലപ്പുഴ സ്വദേശി ഷിബിലിയും പെൺസുഹൃത്ത് ചളവറ സ്വദേശിനി 18കാരിയായ ഫർഹാനയ്ക്കും വേറെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന് സിദ്ധീഖിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നു.

ഈ മാസം 18നാണ് സിദ്ധീഖ് ഒടുവിൽ വീട്ടിൽ നിന്ന് പോയത്. അന്ന് വൈകീട്ട് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. സിദ്ധീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി.

തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് യുവാവും യുവതിയും പിടിയിലായത്. ചെന്നൈയിൽ നിന്നാണ് ഷിബിലിയെയും ഫർഹാനയെയും പിടികൂടിയത്. ഇരുവരും കഴിഞ്ഞ ദിവസം മുതൽ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരള പൊലീസ് നൽകിയ വിവരമനുസരിച്ച് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് ട്രോളി ബാ​ഗിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടലിൽ പരിശോധന നടത്തും. തിരൂരിലെത്തിച്ച് പ്രതികളെ ചോദ്യം ചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക.

അതേസമയം, ട്രോളി ബാഗുകളിലുള്ളത് ഹോട്ടലുടമ സിദ്ധീഖിന്റെ മൃതദേഹാവശിഷ്ടങ്ങൾ തന്നെയാണെന്ന് മകൻ തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.