വാഷിങ്ടണ്‍: ഖാലിസ്താന്‍ ആക്ടിവിസ്റ്റ് ഗുര്‍പന്ത്‌വന്ത് സിങ് പന്നുനിനെ വധിക്കാന്‍ ഇന്ത്യന്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോട് കൂടിയാണ് അമേരിക്കന്‍ പൗരത്വമുള്ള ഗുര്‍പന്ത്‌വന്ത് സിങിനെ അമേരിക്കന്‍ മണ്ണില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന വിവരങ്ങള്‍ പുറത്തുവിട്ടത് വാഷിങ്ടണ്‍ പോസ്റ്റാണ്. ( U.S. media names Indian official who allegedly ordered plot on Gurpatwant Singh Pannun )
|
കഴിഞ്ഞ വര്‍ഷം അവസാനം നടന്ന കൊലപാതക ശ്രമത്തിന് അംഗീകാരം നല്‍കിയത് അന്നത്തെ റോ മേധാവി സാമന്ത് ഗോയല്‍ ആണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അറിവോടെയാണ് ഇതെന്ന് അമേരിക്കന്‍ ചാര സംഘടനള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വിക്രം യാദവ് എന്ന റോ ഉദ്യോഗസ്ഥന്‍ ഗുര്‍പന്ത്‌വന്ത് സിങ് പന്നുനിനെ കൊല്ലുന്നതിന് വേണ്ടി കൊലയാളിയെ ഏര്‍പ്പാടാക്കാന്‍ നിഖില്‍ ഗുപ്ത എന്ന ബിസിനസുകാരനെ ഏല്‍പ്പിക്കുയായിരുന്നു. സംഭവത്തില്‍ ഇന്ത്യയ്ക്കുള്ള പങ്ക് വെളിപ്പെടാതിരിക്കാനാണ് ഇങ്ങിനെ വളഞ്ഞ വഴി സ്വീകരിച്ചത്. ചെക്ക് റിപബ്ലിക്കില്‍ വച്ച് പിടിയിലായ നിഖില്‍ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാനിരിക്കുകയാണ്.

സെന്‍ട്രല്‍ റിസര്‍വ് പോലീസില്‍ നിന്ന് റോയിലേക്ക് ഡപ്യൂട്ടേഷനില്‍ എത്തിയതാണ് യാദവ്. സംഭവത്തിന് ശേഷം അദ്ദേഹത്തെ വീണ്ടും അര്‍ധസൈനിക സേനയിലേക്ക് തന്നെ മാറ്റി.
എഫ്ബിഐയും ഡിഇഎയും സംയുക്തമായാണ് നിലവില്‍ യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റിന്റെ പരിഗണനയിലുള്ള കേസ് അന്വേഷിക്കുന്നത്. കേസില്‍ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റും വൈറ്റ് ഹൗസും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതായും റിപോര്‍ട്ടില്‍ പറയുന്നു.
ഗുര്‍പന്ത്‌വന്ത് സിങിനെ വധിക്കാന്‍ ഒരു അമേരിക്കന്‍ രഹസ്യ ഏജന്റിനെ ഗുപ്ത ഏര്‍പ്പാടാക്കിയതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇരുവരും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. കൊലപാതകത്തിന് അനുമതി നല്‍കിയ മൂന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ഫോട്ടോകളും ഇങ്ങനെ കൈമാറിയവയില്‍ പെടുന്നു.
ഗുപ്തയെയും യാദവിനെയും കേസില്‍ പ്രതിചേര്‍ക്കാന്‍ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ഗുപതയ്‌ക്കെതിരേ മാത്രം കേസ് മതിയെന്ന നിലപാടിലാണ് ബൈഡന്‍ ഭരണകൂടം. ഇന്ത്യയുമായുള്ള ബന്ധം വഷളാവാതിരിക്കാനാണ് ഈ നീക്കം.

ഗുപ്ത കസ്റ്റഡിയിലായ അതേ ദിവസമാണ് ഗോയല്‍ റോ മേധാവി സ്ഥാനമൊഴിഞ്ഞത്. ഗോയലുമായി ബന്ധമുള്ള വാഷിങ്ടണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ തുടങ്ങിയ മേഖലകളിലെ റോ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
നേരത്തേ കാനഡയില്‍ ഖാലിസ്താനി ആക്ടിവിസ്റ്റ് ഹര്‍ദീപ് സിങ് നജ്ജാര്‍ വധിക്കപ്പെട്ടതും വിവാദമായിരുന്നു. സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. എന്നാല്‍, ഇത്തരം കൊലപാതകങ്ങള്‍ ഇന്ത്യയുടെ നയമല്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അമേരിക്കയിലും കാനഡയിലുമുള്ള അഞ്ചോളം സിഖ് ആക്ടിവിസ്റ്റുകള്‍ക്ക് അധികൃതര്‍ മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നജ്ജാറിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് എഫ്ബിഐ ഏജന്റുമാര്‍ തന്നെ സമീപിച്ച് മുന്നറിയിപ്പ് നല്‍കിയതെന്ന് ഇവരിലൊരാളായപ്രിത്പാല്‍ സിങ് പറഞ്ഞു. അമേരിക്കയിലും കാനഡയിലുമായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരവധി സിഖ് ആക്ടിവിസ്റ്റുകളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിന്റെ വിവരങ്ങളാണ് വാഷിങ്ടണ്‍ പോസ്റ്റ് പുറത്തു വിട്ടിട്ടുള്ളത്.
അമേരിക്ക, ഇന്ത്യ, കാനഡ, ബ്രിട്ടന്‍, ജര്‍മനി, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലെ മുന്ന് ഡസനിലേറെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപോര്‍ട്ട്. മറ്റു ചില രാജ്യങ്ങളിലെ റോ ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി റിപോര്‍ട്ടിലുണ്ട്


