
അബുദാബി: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പെരുന്നാൾ (ഈദുൽ ഫിത് ർ) അവധി പ്രഖ്യാപിച്ചു. പെരുന്നാൾ അവധി ഹിജ്റ 1446 ലെ ശവ്വാൽ 1ന് ആരംഭിച്ച് ശവ്വാൽ 3 ന് അവസാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.
![]() |
|
റമസാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരുന്ന വിധത്തിൽ ആണ് അവധി പ്രഖ്യാപിച്ചത്. റമദാൻ 29 ന് (മാർച്ച് 29) ചന്ദ്രക്കല കണ്ടാൽ പെരുന്നാൾ മാർച്ച് 30 നായിരിക്കും. അതുവഴി സർക്കാർ ജീവനക്കാർക്ക് 29 മുതൽ ഏപ്രിൽ 1 വരെ നാല് ദിവസത്തെ അവധി ലഭിക്കും. കാരണം ശനിയാഴ്ച രാജ്യത്തെ മിക്ക ജീവനക്കാർക്കും വാരാന്ത്യ അവധിയാണ്. അതേസമയം, റമദാൻ 29 ന് ചന്ദ്രനെ കാണാതിരിക്കുകയും നോമ്പ് 30 ദിവസം നീണ്ടുനിൽക്കുകയും ചെയ്താൽ, ശവ്വാൽ മാസം തുടങ്ങുക മാർച്ച് 31 ന് ആയിരിക്കും. ഇത് 31 മുതൽ ഏപ്രിൽ 2 വരെ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയായി മാറും. അപ്പോഴും 29 മുതൽ ഏപ്രിൽ 2 വരെയുള്ള അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം യുഎഇക്കാർക്ക് ലഭിക്കും.
അതേസമയം, ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച കൂടി വാരാന്ത്യമായതിനാൽ ചില സർക്കാർ ജീവനക്കാർക്ക് പെരുന്നാളിന് ആറ് ദിവസം വരെ അവധി ലഭിക്കും. ഈ മാസം 30 ന് പെരുന്നാൾ വന്നാൽ ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസം 28 മുതൽ ഏപ്രിൽ 1 വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. 31 നാണ് പെരുന്നാൾ ആരംഭിക്കുന്നതെങ്കിൽ 28 മുതൽ ഏപ്രിൽ 2 വരെ ആറ് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും. നീണ്ട അവധി ലഭിക്കുന്നതിനാൽ പല പ്രവാസികളും നാട്ടിൽ വരാനുള്ള ഒരുക്കത്തിൽ ആണ്.
UAE announced Eid Al Fitr holiday for public sector employees.