16
May 2025
Wed
16 May 2025 Wed

ദുബായ്: പ്രവാസികൾ അടക്കമുള്ളവർക്ക് ഏറെ ആശ്വാസം നൽകി ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് 5000 ദിർഹം (1.2 ലക്ഷം രൂപ) വേണമെന്ന വ്യവസ്ഥ പിൻവലിച്ച് യുഎഇ സെൻട്രൽ ബാങ്ക്. മിനിമം ബാലൻസ് 5000 ദിർഹമാക്കി വർധിപ്പിച്ച ചില ബാങ്കുകളുടെ തീരുമാനമാണ് മരവിപ്പിച്ചത്. വർദ്ധനവ് താൽക്കാലികമായി നിർത്തിവയ്ക്കാനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത് പ്രയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട് എന്ന് സെൻട്രൽ ബേങ്ക് അറിയിച്ചു.
ജൂൺ 1 മുതൽ നിരവധി പ്രമുഖ ബാങ്കുകൾ മിനിമം ബാലൻസ് 3,000 ദിർഹത്തിൽ നിന്ന് 5,000 ദിർഹമായി ഉയർത്താൻ തയ്യാറെടുക്കുന്നതായി സൂചിപ്പിക്കുന്ന സമീപകാല റിപ്പോർട്ടുകൾക്കിടെ ആണ് സെൻട്രൽ ബാങ്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. മിനിമം ബാലൻസ് പാലിക്കാത്ത ഉപഭോക്താക്കളിൽ നിന്ന് 105 ദിർഹം വരെ പ്രതിമാസ ഫീസ് ഈടാക്കുമായിരുന്നു, എന്നാൽ ചില ബാങ്കുകൾ ഇതിനകം തന്നെ ഈ നീക്കം നടപ്പിലാക്കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂൺ ഒന്നു മുതൽ ചില ബാങ്കുകൾ മിനിമം ബാലൻസ് മുവ്വായിരം ദിർഹത്തിൽ നിന്ന് അയ്യായിരമാക്കി ഉയർത്താൻ തയാറെടുക്കുന്നതായി പ്രാദേശിക അറബ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ക്രഡിറ്റ് കാർഡ്, വ്യക്തിഗത ലോൺ, ഓവർ ഡ്രാഫ്റ്റ് തുടങ്ങിയവ നിലവിലുണ്ടെങ്കിൽ പിഴയുണ്ടാകില്ല. വാർത്ത സമൂഹമാധ്യമങ്ങൾ അതിവേഗം പ്രചരിച്ച സാഹചര്യത്തിലാണ് സെൻട്രൽ ബാങ്കിന്റെ ഇടപെടൽ.

അക്കൗണ്ടുകളുടെ സ്വഭാവത്തിനനുസരിച്ച് വിവിധ ബാങ്കുകളിൽ പല തരത്തിലുള്ള മിനിമം ബാലൻസ് പരിധിയാണ് യുഎഇയിലുള്ളത്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ് മിനിമം ബാലൻസ് പരിധി. പൊതുവെ നല്ല ശമ്പളം ലഭിക്കുന്നവർക്കു പോലും അക്കൗണ്ടിൽ അയ്യായിരം ദിർഹം നിലനിർത്തുകയെന്നത് ദുഷ്‌കരമാണ്.

UAE Central Bank orders halt to minimum balance hike