14
Jun 2024
Fri
14 Jun 2024 Fri
NET exam scam

ന്യൂഡല്‍ഹി: യു.ജി.സി-നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം കോച്ചിങ് കേന്ദ്രങ്ങളിലേക്കും. (UGC NET question paper leak; Also look into coaching centers ) ചോദ്യപേപ്പറുകള്‍ ഡാര്‍ക്ക് നെറ്റിലൂടെയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ആറ് ലക്ഷം രൂപയ്ക്കാണ് വില്‍പന നടത്തിയതെന്ന് സിബിഐ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്തു. സംഭവത്തില്‍ ചില കോച്ചിങ് സെന്ററുകളുടെ പങ്ക് സംബന്ധിച്ച് സിബിഐക്ക് സൂചന ലഭിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യു.ജി.സി- നെറ്റ് ചോദ്യപ്പേപ്പര്‍ ഡാര്‍ക്നെറ്റില്‍ ചോര്‍ന്നതിനാലാണ് പരീക്ഷ റദ്ദാക്കിയതെന്ന് കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യപേപ്പറിന് യഥാര്‍ത്ഥ ചോദ്യപേപ്പറുമായി ബന്ധമുണ്ടായിരുന്നതായും മന്ത്രി സമ്മതിച്ചിരുന്നു.

എന്നാല്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് എങ്ങനെ ചോദ്യ പേപ്പര്‍ ലഭിച്ചു എന്നത് ഇപ്പോഴും വ്യക്തമല്ല. ഔദ്യോഗിക തലങ്ങളില്‍ തന്നെ ചോര്‍ച്ച സംഭവിച്ചുവോ എന്നതാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യം. ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ഉന്നതര്‍ ഉള്‍പ്പെട്ട വന്‍ ലോബി പ്രവര്‍ത്തിക്കുന്നതായാണ് സംശയം.

ഓരോരുത്തരില്‍നിന്നും 5000 മുതല്‍ 10000 രൂപവരെ ഈടാക്കിയാണ് സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമായ ടെലഗ്രാമിലൂടെ ചോദ്യപേപ്പര്‍ വില്‍പന നടത്തിയത്. ഇതിന് പിന്നിലെ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പ് തന്നെ വിവിധ ടെലഗ്രാം ഗ്രൂപ്പുകളില്‍ ചോദ്യപേപ്പറുകള്‍ ലഭ്യമായിരുന്നു.

ജൂണ്‍ 18-ന് നടത്തിയ പരീക്ഷ ബുധനാഴ്ച രാത്രിയാണ് റദ്ദാക്കിയത്. ഒ.എം.ആര്‍. പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. നീറ്റ പരീക്ഷാ ക്രമക്കേടിന് പിന്നാലെ എന്‍ടിഎ നടത്തിയ നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറും ചോര്‍ന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചത്.

11,21,225 പേരാണ് യു.ജി.സി. നെറ്റിന് അപേക്ഷിച്ചത്. 9,08,580 പേര്‍ പരീഷയെഴുതാനെത്തി. 83 മാനവിക വിഷയങ്ങളില്‍ 1205 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക