05
Jun 2026
Fri
05 Jun 2026 Fri
c sadanandan master, anoop antony, k surendran

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ കേരളത്തില്‍ നിന്ന് പുതിയൊരു കേന്ദ്രമന്ത്രിയുണ്ടാകാന്‍ സാധ്യത. രാജ്യസഭാ കലാവധി പൂര്‍ത്തിയാക്കുന്ന ജോര്‍ജ് കുര്യനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. അതോടൊപ്പം തന്നെ മന്ത്രിസ്ഥാനത്ത് ഒഴിവാക്കി തരാന്‍ സുരേഷ് ഗോപി അഭ്യര്‍ത്ഥന നല്‍കിയിട്ടുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്ന് സീറ്റുകള്‍ ലഭിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ഒരുനേതാവ് കൂടി മോദിയുടെ മന്ത്രിസഭയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സി സദാനന്ദന്‍ , കെ സുരേന്ദ്രന്‍ , അനൂപ് ആന്റണി , അനില്‍ ആന്റണി തുടങ്ങിയ പേരുകളാകും ബിജെപി പരിഗണിക്കുക.

സി സദാനന്ദന്‍ മാസ്റ്റര്‍

സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ ഇര എന്ന പ്രതിച്ഛായ ഉള്ള നേതാവാണ് സി സാദനന്ദന്‍. നിലവില്‍ രാജ്യസഭാംഗമായ ഇദ്ദേഹമാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ആദ്യത്തെയാള്‍. കേരളത്തിലെ ബിജെപി – ആര്‍എസ്എസ് രാഷ്ട്രീയത്തില്‍ വൈകാരിക പശ്ചാത്തലമുള്ള മുതിര്‍ന്ന നേതാവ് കൂടിയാണ് സദാനന്ദന്‍ മാസ്റ്റര്‍. നിലവില്‍ രാജ്യസഭാംഗമായതിനാല്‍ മുതിര്‍ന്ന നേതാവിനുള്ള അംഗീകാരമായും, കേഡര്‍മാര്‍ക്ക് വൈകാരികമായ ആവേശം നല്‍കാനും ഇദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കാം.

കെ സുരേന്ദ്രന്‍

മുന്‍ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല. നേരത്തെ സംസ്ഥാന അധ്യക്ഷന്‍മാരായിരുന്നവര്‍ക്കെല്ലാം മികച്ച പദവികള്‍ ബിജെപി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യസഭാംഗത്വം നല്‍കി സുരേന്ദ്രനെ കേന്ദ്രമന്ത്രി പദവി നല്‍കുമോയെന്ന് കാത്തിരുന്ന് കാണണം.

അനൂപ് ആന്റണി

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും യുവമുഖവുമാണ് അനൂപ് ആന്റണി. നിയമസഭ തെരഞ്ഞെടുപ്പില്‍ തിരവല്ലയില്‍ മത്സരിച്ച ഇദ്ദേഹം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. യുവമോര്‍ച്ച ശീയ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപിന് കേന്ദ്ര നേതൃത്വവുമായി നല്ല ബന്ധമുണ്ട്. ക്രൈസ്തവ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ അനൂപിന് കഴിയുന്നുണ്ട് എന്ന വിലയിരുത്തല്‍ ബിജെപിയ്ക്കുണ്ട്. യുവ/ക്രൈസ്തവ പ്രാതിനിധ്യം മാനദണ്ഡമായാല്‍ അനൂപ് കേന്ദ്ര മന്ത്രിസഭയിലെത്തിയേക്കും.

അനില്‍ ആന്റണി

ബിജെപിയുടെ ദേശീയ വക്താവാണ് അനില്‍ ആന്റണി. നിലവില്‍ കേന്ദ്ര നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധമുള്ള കേരളത്തിലെ യുവനേതാവും അനിലാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേരള മുഖ്യമന്ത്രിയുമായ എകെ ആന്റണിയുടെ മകനായ ഇദ്ദേഹത്തിന് സ്ഥാനം നല്‍ല്‍കുന്നത് ക്രൈസ്തവ ജനവിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനൊപ്പം കോണ്‍ഗ്രസ് വിട്ട് എത്തുന്നവര്‍ക്ക് മികച്ച പരിഗണന എന്ന പ്രതീതിയുണ്ടാക്കാനും കഴിയും.