മൈതാനത്ത് പൊട്ടാതെ കിടന്ന പീരങ്കി ഷെല്‍ പൊട്ടിത്തെറിച്ച് സൊമാലിയയില്‍ 20ലേറെ പേര് മരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും 10നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. വെള്ളിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. കുട്ടികളും മുതിര്‍ന്നവരും കളിക്കുന്ന സ്ഥലത്തിനു സമീപത്തു കിടന്ന മോര്‍ട്ടാര്‍ ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു.
|
തലസ്ഥാനമായ മൊഗാദിഷുവിന്റെ തെക്ക് 120 കിലോമീറ്റര്‍ അകലെയുള്ള ഖോറിലീ നഗരത്തിനു സമീപമാണ് സ്ഫോടനം നടന്നതെന്ന് ഖോറിലീ ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ അബ്ദി അഹമ്മദ് അലി പറഞ്ഞു. രാജ്യത്ത് ആഭ്യന്തര യുദ്ധത്തിലേര്‍പ്പെട്ട വിഭാഗം ഉപേക്ഷിച്ച മോര്‍ട്ടാര്‍ ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്നാണ് നാട്ടുകാരുടെ വിശദീകരണം. മേഖലയില്‍ നിന്ന് മോര്‍ട്ടാര്‍ ഷെല്ലുകളും കുഴിബോംബുകളും നീക്കം ചെയ്യാന്‍ അബ്ദി അഹമ്മദ് അലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമുണ്ടായ മഴയെത്തുടര്‍ന്നാണ് ഫുട്ബോള്‍ മൈതാനത്ത് പൊട്ടാതെ കിടന്ന മോര്‍ട്ടാര്‍ ഷെല്‍ മണ്ണിനു പുറത്തുവരികയും കുട്ടികള്‍ക്ക് ലഭിക്കാനിടവരുത്തിയതും. ഇവര്‍ ഇതെടുത്തു കളിച്ചപ്പോഴാണ് പൊട്ടിയതെന്നും പ്രദേശവാസികള്‍ പറയുന്നു.


