|
ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ദലിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ലഖിംപൂര്‍ഖേരി ജില്ലയിലെ നിഘസന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലാല്‍പൂര്‍ മജ്‌ര തമോലി ഗ്രാമത്തിലാണ് സംഭവം. ദലിത് സഹോദരിമാരെ വയലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗവും കൊലപാതകവും തെളിഞ്ഞത്.
സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. സുഹൈൽ, ജുനൈദ്, ഹാഫിസുൽ റഹ്മാൻ, കരീമുദ്ദീൻ, ആരിഫ്, പ്രതികളെ പെൺകുട്ടികൾക്ക് പരിചയപ്പെടുത്തിയ ഇവരുടെ അയൽക്കാരൻ ചോട്ടു എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെയാണ് 17ഉം 15ഉം വയസായ പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. സുഹൈൽ, ജുനൈദ് എന്നിവർ പെൺകുട്ടികളുടെ സുഹൃത്തുക്കളായിരുന്നു. ഇവർ വിളിച്ചതനുസരിച്ച് ബൈക്കിൽ കയറി പോയ പെൺകുട്ടികളെ അടുത്തുള്ള കരിമ്പിൻ പാടത്തെത്തിച്ച് പീഡിപ്പിച്ചു. തങ്ങളെ വിവാഹം ചെയ്യണമെന്ന് പെൺകുട്ടികൾ ആവശ്യപ്പെട്ടതോടെ പ്രതികൾ മറ്റു നാല് സുഹൃത്തുക്കളെ കൂടി വിളിച്ചുവരുത്തി.
തുടർന്ന് പെൺകുട്ടികളെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഷാളുപയോഗിച്ച് മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇതെന്ന് ജില്ലാ പൊലീസ് മേധാവി സഞ്ജീവ് സുമൻ പറഞ്ഞു.
അതേസമയം, മൂന്ന് പേർ ചേർന്ന് പെൺകുട്ടികളെ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. പ്രതികളെല്ലാവരും പ്രദേശവാസികളാണ്. അഞ്ച് പേരെ ഇന്നലെയും ആറാമനെ ഇന്ന് രാവിലെ ഏറ്റുമുട്ടിലിലൂടെയുമാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് കേസ് അന്വേഷണം.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ശരീരത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളൊന്നുമില്ലെന്ന് ലഖ്നൗ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ലക്ഷ്മി സിങ് പറഞ്ഞു. വിദഗ്ധ സമിതിയാണ് പോസ്റ്റ്മോർട്ടം നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു. 2014ല്‍ ബദോനിലും രണ്ട് ദലിത് സഹോദരിമാര്‍ സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.



