20
Jun 2024
Wed
20 Jun 2024 Wed
US court released Julian Assange

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ യുഎസ് കോടതി മോചിപ്പിച്ചു. യുഎസ് പ്രതിരോധരേഖകള്‍ ശേഖരിച്ചതിനും അതു പരസ്യപ്പെടുത്തിയതിനുമാണ് അസാന്‍ജിനെതിരേ കുറ്റം ചുമത്തിയിരുന്നത്. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തെ വകവച്ചുനല്‍കുന്നതാണ് യുഎസ് ഭരണഘടനാ ഭേദഗതിയെന്നും തന്റെ ചെയ്തികള്‍ ഇതിന്റെ പരിധിയില്‍ വരുന്നതാണെന്നും ചൂണ്ടിക്കാട്ടിയ ജൂലിയന്‍ അസാന്‍ജ് തന്നെ വെറുതെ വിടണമെന്ന് കോടതി മുമ്പാകെ വാദിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമപ്രവര്‍ത്തകനെന്ന നിലയിലാണ് താന്‍ വിവരങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കാന്‍ അതിന്റെ ഉറവിടത്തെ താന്‍ പ്രോല്‍സാഹിപ്പിച്ചതെന്ന് അസാന്‍ജ് കോടതിയെ ബോധിപ്പിച്ചു. ഭരണഘടനയുടെ ഒന്നാം ഭേദഗതി തന്റെ പ്രവര്‍ത്തനത്തെ സംരക്ഷിക്കുന്നതാണെന്നു വിശ്വസിക്കുന്നുവെന്നും എന്നാല്‍ താന്‍ നടത്തിയത് നിയമലംഘനമാണെന്നും സമ്മതിക്കുന്നുവെന്നും അസാന്‍ജ് പറയുകയുണ്ടായി.

അസാന്‍ജിന്റെ കുറ്റസമ്മതം കണക്കിലെടുത്ത യുഎസ് ജില്ലാ ജഡ്ജി രമോന വി മംഗ്ലോണ അസാന്‍ജ് ഇതിനകം ബ്രിട്ടീഷ് ജയിലില്‍ മതിയായ തടവ് അനുഭവിച്ചിട്ടുള്ളതിനാല്‍ ജയില്‍ മോചിതനാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജയില്‍ മോചിതനായ അസാന്‍ജ് യുഎസിലെയും യുകെയിലെയും ആസ്‌ത്രേലിയന്‍ അംബാസഡര്‍മാര്‍ക്കൊപ്പം സ്വകാര്യ വിമാനത്തില്‍ സായിപാനില്‍ നിന്ന് സ്വരാജ്യമായ ആസ്‌ത്രേലിയയിലേക്ക് പോവുകയും ചെയ്തു.

അഫ്ഗാനിലും ഇറാഖിലും യുഎസ് നടത്തിയ മോശം ചെയ്തികള്‍ അടക്കം തുറന്നുകാട്ടിയാണ് അസാന്‍ജ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകശ്രദ്ധ നേടിയത്. സ്വീഡനില്‍ ലൈംഗിക കുറ്റം ചുമത്തപ്പെട്ട അസാന്‍ജ് പിന്നീട് ലണ്ടനിലെ ഇക്വഡേറിയന്‍ എംബസിയില്‍ രാഷ്ട്രീയ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു. അഞ്ചുവര്‍ഷം ബ്രിട്ടനില്‍ തടവ് ശിക്ഷ നേരിട്ട അസാന്‍ജിനെ പിന്നീട് യുഎസിലേക്ക് നാടുകടത്തുകയായിരുന്നു.അസാന്‍ജിന്റെ മോചനത്തിനായി ഒട്ടേറെ തവണ ആസ്‌ത്രേലിയ ഇടപെട്ടിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.