03
Feb 2024
Sat
03 Feb 2024 Sat
us-drones-to-bolster-indian-forces-58

ഡല്‍ഹി: രണ്ട് ടണ്‍ സ്‌ഫോടക വസ്തുക്കളുമായി 50,000 അടി ഉയരത്തില്‍ 40 മണിക്കൂര്‍ നിര്‍ത്താതെ പറക്കും. ശത്രുലക്ഷ്യത്തില്‍ സൂക്ഷ്മമായി ബോംബിട്ട് തകര്‍ക്കാം. ഗ്രൗണ്ട് സ്റ്റേഷനിലിരുന്ന് 1000 കിലോമീറ്റര്‍ അകലെ വരെ ആക്രമിക്കാം. റഡാറുകളുടെ കണ്ണില്‍ പെടാതെ താഴ്ന്ന് പറന്ന് കരയിലും കടലിലും ആകാശത്തും ആക്രമിക്കാം. മിസൈലുകളും ലേസര്‍ ബോംബുകളും പിടിപ്പിക്കാം. ഇന്ത്യന്‍ സേനകള്‍ക്ക് കരുത്ത് കൂട്ടാന്‍ അമേരിക്കന്‍ ഡ്രോണുകള്‍ വരുന്നു. ശത്രുരാജ്യങ്ങള്‍ ഇനി വിറയ്ക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്ഥാന്‍, ചൈന അതിര്‍ത്തിയിലുടനീളം നിരീക്ഷണം നടത്താനും ഒറ്റ റഡാറിന്റെയും ഉപഗ്രഹത്തിന്റെയും കണ്ണില്‍പെടാതെ ശക്തമായ ആക്രമണം നടത്താനും ഇന്ത്യന്‍ സേനയ്ക്ക് കരുത്തു പകരുന്ന സൈനിക ഡ്രോണുകള്‍ അമേരിക്ക ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. നാലു വര്‍ഷമായി ഇന്ത്യ ഇത്തരം ഡ്രോണുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു.

ഇവ ലഭിക്കുന്നതോടെ അതിര്‍ത്തിയില്‍ ശത്രുസൈന്യത്തിനെതിരേ ഇന്ത്യയ്ക്ക് മേധാവിത്തം ലഭിക്കും. അത്യാധുനിക എം.ക്യു-9 റീപ്പര്‍ ( പ്രിഡേറ്റര്‍ ബി ) ഡ്രോണുകളും അവയുടെ ആയുധങ്ങളും ഇന്ത്യയ്ക്ക് അമേരിക്ക നല്‍കുന്നത് 399 കോടി ഡോളറിനാണ്. അതായത് 34,000 കോടി രൂപയ്ക്ക്.

അതിര്‍ത്തികളില്‍ മാത്രമല്ല, കടലിലും ഇതോടെ ഇന്ത്യയ്ക്ക് മേധാവിത്തമാവും. സമുദ്രനിരീക്ഷണത്തിനും ആക്രമണത്തിനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ ഇന്ത്യന്‍ സേനകളുടെ പോരാട്ടത്തിനും ഇവ കരുത്ത് പകരും.

നാവികസേനയ്ക്ക് പതിനഞ്ചും കര, വ്യോമ സേനകള്‍ക്ക് 8 വീതവും ഡ്രോണുകളാണു ലഭിക്കുക. ഈ ഡ്രോണുകളില്‍ ഘടിപ്പിക്കുന്ന 170 ഹെല്‍ഫയര്‍ മിസൈലുകളും 310 ലേസര്‍ ബോംബുകളും 161 ഗ്ലോബല്‍ പൊസിഷനിംഗ് ആന്‍ഡ് ഇനര്‍ഷ്യല്‍ നാവിഗേഷന്‍ ഉപകരണങ്ങളും കരാറിന്റെ ഭാഗമാണ്.

2020ല്‍ ഡൊണാള്‍ഡ് ട്രംപ് യു. എസ് പ്രസിന്റായിരിക്കെ കരാറിന്റെ ചര്‍ച്ച തുടങ്ങിയതാണ്. കഴിഞ്ഞ വര്‍ഷം യു.എസ് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡനുമായി ഇടപാട് വേഗത്തിലാക്കാന്‍ ചര്‍ച്ച നടത്തിയിരുന്നു.

സൈനിക ഓപ്പറേഷനുകളില്‍ സൂക്ഷ്മ ആക്രമണങ്ങളിലെ മികവാണ് ഈ ഡ്രോണുകളുടെ പ്രധാന്യം. ലേസര്‍ നിയന്ത്രിത ബോംബുകള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍ എന്നിവ വഹിക്കാന്‍ കെല്‍പുള്ള ഡ്രോണുകളാണിവ. 2 ചിറകുകളുടെയും ആകെ നീളം ഒരു ക്രിക്കറ്റ് പിച്ചിന്റെയത്രയുണ്ടാവും. അവയ്ക്ക് 2 ടണ്‍ സ്‌ഫോടകവസ്തുക്കള്‍ വഹിക്കാം.

പരമാവധി 50,000 അടി ഉയരത്തില്‍ 40 മണിക്കൂര്‍ നിര്‍ത്താതെ പറക്കുന്ന ഡ്രോണുകള്‍ക്കു ശത്രുമേഖലകള്‍ ലക്ഷ്യമിട്ടുള്ള സൂക്ഷ്മ ആക്രമണങ്ങള്‍ നടത്താനാവും. യുദ്ധക്കപ്പലുകള്‍, പീരങ്കികള്‍ എന്നിവയെ തകര്‍ക്കാനാവും. ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനിലിരുന്നാണ് ഡ്രോണുകളെ നിയന്ത്രിക്കുന്നത്. ശത്രു മേഖലകളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പകര്‍ത്തുന്ന ഡ്രോണ്‍ അവ കണ്‍ട്രോള്‍ സ്റ്റേഷനിലേക്ക് അയയ്ക്കും. സ്റ്റേഷനില്‍നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ അകലേയ്ക്ക് ഡ്രോണുകള്‍ക്കു പറക്കാനാവും.

നിലവിലേയും ഭാവിയിലേയും പ്രതിരോധഭീഷണികള്‍ നേരിടാന്‍ യുഎസില്‍ നിന്നുള്ള ഡ്രോണുകള്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തേകും. രഹസ്യ വ്യോമാക്രമണങ്ങള്‍ക്ക് യു.എസ് ഉപയോഗിക്കുന്ന അതേ ഡ്രോണുകളാണ് ഇന്ത്യയ്ക്ക് കൈമാറുക. റഡാറുകളുടെ കണ്ണില്‍ പെടില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ശത്രുലക്ഷ്യം തെരഞ്ഞു പിടിച്ച് തകര്‍ക്കാന്‍ ഇവയ്ക്ക് പ്രത്യേക മിടുക്കുണ്ട്.

അതിവിദൂര ലക്ഷ്യം തിരിച്ചറിയുന്ന വിഷ്വല്‍ സെന്‍സറുകളുള്ളതിനാല്‍ വളരെ അകലെ നിന്ന് പ്രവര്‍ത്തിപ്പിക്കാം. നാല് ലേസര്‍ എ.ജി.എം – 114 ഹെല്‍ഫയര്‍ മിസൈലും ലേസര്‍ ബോംബുകളും ഇവയിലുണ്ടാവും. 50,000 അടി ഉയരത്തില്‍ പറക്കാനാവും. രാജ്യത്തിന്റെ പ്രതിരോധക്കരുത്തിനു മൂര്‍ച്ചയേകാന്‍ അമേരിക്ക നല്‍കുന്ന ഡ്രോണുകള്‍ക്ക് കഴിയും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക