02
Jun 2026
Tue
02 Jun 2026 Tue
V Muraleedharan sweets distribution

തിരുവനന്തപുരം: കട്ടേള ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മിഠായി ബെഞ്ചില്‍ കുടഞ്ഞിട്ടു കൊടുത്ത കഴക്കൂട്ടം എംഎല്‍എ വി. മുരളീധരന്റെ നടപടിക്കെതിരെ മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും എ. എ. റഹീം എംപിയും. മുരളീധരന്റേത് തരംതാണതും വിവേചനപരവുമായ നടപടിയാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘മുരളീധരന്റേത് തരംതാണതും വിവേചനപരവുമായ നടപടിയാണ്. വിദ്യാര്‍ഥികളെ അവഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു? മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മ. ഇത്തരം പ്രവൃത്തികള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല,’ വി. ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രി കെ.എ. തുളസിയെയും മുന്‍ മന്ത്രി വിമര്‍ശിച്ചു. മന്ത്രി ഉണ്ടായിട്ടും ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ തയ്യാറായില്ല. നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ചയാണ്. കുട്ടികളോട് കാണിച്ച വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

ALSO READ: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: പി.എഫ്.ഐ നേതാവിന് ഹൈക്കോടതി ജാമ്യം

‘വി. മുരളീധരന്‍ മാപ്പുപറയണമെന്ന് സംഭവത്തില്‍ പ്രതികരിച്ച് എംപി എ.എ. റഹീം പറഞ്ഞു. ‘നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാല്‍ തകര്‍ന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റര്‍ എംഎല്‍എ’ എന്നായിരുന്നു റഹീമിന്റെ പ്രതികരണം.

‘മനസ്സില്‍ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്? അവര്‍ മിടുക്കരായ കുട്ടികളാണ്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവര്‍’ ആ കുട്ടികളോടും കേരളത്തോടും വി.മുരളീധരന്‍ എംഎല്‍എ നിരുപാധികം മാപ്പ് പറയണം എന്നും എ.എ.റഹീം പറഞ്ഞു.

കേരള സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലെ വിദ്യാലയമാണ് തിരുവനന്തപുരം ശ്രീകാര്യത്തെ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഇന്നലെ അവിടെ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തത് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി തുളസിയാണ്. ചടങ്ങില്‍ കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തത് സ്ഥലം എംഎല്‍എ ആയ ബിജെപി നേതാവ് വി.മുരളീധരനായിരുന്നു..

സ്‌കൂള്‍ പ്രവേശനോത്സവത്തിനിടെയാണ് ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് കഴക്കൂട്ടം എംഎല്‍എ മിഠായി ഡെസ്‌കില്‍ കുടഞ്ഞിട്ടു കൊടുത്തത്. ജാതി ചിന്തയാണ് മിഠായി കൈയില്‍ കൊടുക്കാതിരിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.