25
Dec 2024
Tue
25 Dec 2024 Tue
Valapattanam theft

കണ്ണൂര്‍: അഞ്ച് ദിവസം കഴിഞ്ഞ് അറിഞ്ഞ മോഷണത്തില്‍ തെളിവുകളെല്ലാം നഷ്ടപ്പെടാന്‍ സാഹചര്യമുണ്ടായിട്ടും വളപട്ടണത്തെ കള്ളനെ കുടുക്കിയത് പോലീസിന്റെ മിടുക്ക്. (Valapttanam theft investigation details)vഒപ്പം കള്ളന്റെ ചില കൈയബദ്ധങ്ങളും. ടൗണ്‍ എസിപി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. പിന്നീട് 5 പേര്‍ കൂടി ചേര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഷ്ടാക്കളുടെ ചില പ്രത്യേക രീതികളാണ് പോലീസ് ആദ്യം പിന്തുടര്‍ന്നത്. വീടിന്റെ ഭിത്തിയോ വാതിലോ പൊളിക്കാതെ, ജനലിന്റെ ഗ്രില്‍ ഇളക്കിമാറ്റിയുള്ള മോഷണരീതിയായിരുന്നു ലിജേഷിന്റേത്. ജനലിന്റെ മരത്തടിയില്‍ ഉളി ഉപയോഗിച്ച് ഗ്രില്‍ പിഴുതെടുക്കുകയായിരുന്നു. ഇതേ രീതിയില്‍ മുന്‍പ് കീച്ചേരിയില്‍ നടന്ന മോഷണത്തിലെ വിരലടയാളം പരിശോധിച്ചപ്പോള്‍ ലിജേഷിനു പിടിവീഴുകയും ചെയ്തു.

100 സിസിടിവി ഫൂട്ടേജുകളും കോഴിക്കോട് മുതല്‍ മംഗലാപുരം വരെയുള്ള ടവര്‍ ലൊക്കേഷനുകളിലായി 115 കോള്‍ ഡേറ്റ റെക്കോര്‍ഡുകളും പൊലീസ് പരിശോധിച്ചു. 76 പേരുടെ വിരലടയാളങ്ങള്‍, വീടുകളില്‍ സ്ഥിരം മോഷ്ടിക്കുന്ന 67 പേരുടെ മോഷണരീതി തുടങ്ങിയവയും പൊലീസ് വിലയിരുത്തി. 215 പേരെ ചോദ്യം ചെയ്തു. മോഷ്ടാവിനെ തേടി 35 ലോഡ്ജുകളില്‍ കയറിയിറങ്ങി.

നവംബര്‍ 20ന് രാത്രി 8 മണിക്കും 8.45നും ഇടയിലായിരുന്നു വളപട്ടണത്തെ വ്യാപാരി അഷ്‌റഫിന്റെ വീട്ടിലെ മോഷണം. സിസിടിവി ദൃശ്യത്തില്‍ പാന്റ്‌സ് ധരിച്ചയാളാണ് മോഷ്ടാവ്. പൊതുവേ പാന്റ്‌സ് ധരിക്കാത്ത ലിജേഷിലേക്ക് ശ്രദ്ധ തിരിയാതിരിക്കാന്‍ മനപൂര്‍വ്വം പാന്റ്‌സിട്ടതാവാമെന്നാണ് പോലീസ് കരുതുന്നത്.

lijesh valapattanam theft

സെര്‍ച്ച് ഹിസ്റ്ററിയും കോള്‍ റെക്കോഡും
അഷ്‌റഫിന്റെ വീട്ടിലെ ഒരു സിസിടിവിയില്‍ അന്നു രാത്രി 9.30ന് ലിജേഷ് മുണ്ടുടുത്ത് റോഡിലൂടെ പോകുന്ന ദൃശ്യമുണ്ട്. അതു താനാണെന്നും മരുന്നുവാങ്ങാന്‍ പോയതാണെന്നും പൊലീസിനോടു സമ്മതിക്കുകയും ചെയ്തു. പക്ഷേ ലിജേഷിന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് പോലീസിന് സംശയം ബലപ്പെട്ടത്. സേര്‍ച് ഹിസ്റ്ററിയില്‍ അധികവും മോഷണവുമായി ബന്ധപ്പെട്ടതായിരുന്നു.

മോഷണം നടന്ന അന്നും അടുത്തദിവസവും രാത്രി 9 മുതല്‍ അടുത്തദിവസം രാവിലെ 10 വരെ ലിജേഷിന്റെ ഫോണിലേക്ക് കോളൊന്നും വന്നിരുന്നില്ല. എന്നാല്‍ ട്രാവല്‍ ഹിസ്റ്ററി കൃത്യമായി കാണിക്കുന്നുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡില്‍ ഇട്ടതാണെന്നു പൊലീസിനു മനസ്സിലായി. ഇതും മറ്റൊരു കുരുക്കായി.

മോഷണം നടത്തിയ ദിവസം ധരിച്ച വസ്ത്രങ്ങള്‍ അന്നുരാത്രി തന്നെ വീടിന്റെ മുകള്‍നിലയില്‍ കൊണ്ടുപോയി കത്തിച്ചതായി ലിജേഷ് പൊലീസിനോടു പറഞ്ഞു.

താന്‍ കുഴിച്ച കുഴിയില്‍
ഏഴു സിസിടിവി ക്യാമറകളുള്ള വീട്ടില്‍ മോഷണത്തിനെത്തിയപ്പോള്‍ വീടിന്റെ ഇടതുഭാഗത്തുള്ള രണ്ടു ക്യാമറകളും താന്‍ പതിയാത്തവിധം ലിജേഷ് തിരിച്ചുവച്ചിരുന്നു. പക്ഷേ, രണ്ടാമത്തെ ക്യാമറ തിരിച്ചുവച്ചത് ലിജേഷിനു തന്നെയുള്ള കെണിയായി. വീടിന്റെ അകത്തെ ദൃശ്യങ്ങള്‍ ജനലിലൂടെ പതിയുന്ന വിധമായിരുന്നു ക്യാമറ തിരിച്ചുവച്ചത്.

ഈ ക്യാമറയുടെ സമീപത്തുള്ള ജനലിന്റെ ഗ്രില്‍ എടുത്തുമാറ്റി അകത്തുകടന്ന ലിജേഷിന്റെ ദൃശ്യം തിരിച്ചു വച്ച ഈ ക്യാമറയില്‍ പതിയുന്നുണ്ടായിരുന്നു. ജനലിന്റെ കര്‍ട്ടണ്‍ മാറ്റി പുറത്തേക്കു നോക്കിയതോടെ മോഷ്ടാവിന്റെ കഷണ്ടിയും മുഖത്തിന്റെ ഒരു ഭാഗവും ക്യാമറയില്‍ കുടുങ്ങി. ഒപ്പം ശരീരഘടനയും രൂപവും വ്യക്തമായി. ഈ ദൃശ്യം പോലീസ് അന്വേഷണത്തില്‍ പ്രധാന തുമ്പായി.

മറന്നു വച്ച ഉളി തേടി രണ്ടാം വരവ്
ജനല്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഉളി അഷ്‌റഫിന്റെ വീട്ടില്‍ വച്ച് മറന്നത് മറ്റൊരു കെണിയായി. ഇത് വീണ്ടെടുക്കാനാണ് പിറ്റേന്ന് വീണ്ടും വീട്ടില്‍ കയറിയത്. 10 മിനിറ്റ് തിരഞ്ഞെങ്കിലും ഉളി കിട്ടിയില്ല. പക്ഷേ, അപ്പോഴും ലിജേഷിന്റെ ഒരു വിരലടയാളം പോലും ആ വീട്ടില്‍ പതിഞ്ഞിരുന്നില്ല. കീച്ചേരിയിലെ പഴയ മോഷണത്തിലെ വിരലടയാളവും പൊലീസ് കഴിഞ്ഞദിവസം ലിജേഷില്‍നിന്നെടുത്ത സാംപിള്‍ വിരലടയാളവും സാമ്യമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ലിജേഷിനു പിടിവീണത്.