27
Jul 2024
Sat
27 Jul 2024 Sat
Karnataka minister B Nagendra arrested

ബംഗളുരു: വാല്‍മീകി കോര്‍പറേഷന്‍ അഴിമതിക്കേസില്‍ രാജിവച്ച കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ബി.നാഗേന്ദ്രയെ ഇ.ഡി അറസ്റ്റ് ചെയ്തു. (Valmiki corporation scam: ED detains Karnataka ex-minister B. Nagendra )  13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. കര്‍ണാടക മഹാറിഷി വാല്‍മീകി പട്ടിക ജാതി വികസന കോര്‍പറേഷന്റെ 88 കോടിയിലധികം രൂപ മറ്റൊരു സ്വകാര്യ അക്കൗണ്ടിലേക്ക് വക മാറ്റിയെന്നായിരുന്നു മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഗേന്ദ്രയുടെയും പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും കോണ്‍ഗ്രസ് എംഎല്‍എയുമായ ബസനഗൗഡ ദദ്ദലിന്റെയും വീടുകളിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിന് പിന്നാലെയാണ് നാഗേന്ദ്രയെ ഇ ഡി കസ്റ്റഡിയില്‍ എടുത്തത്.

കോര്‍പറേഷിലെ ക്രമക്കേടുകളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും രാഷ്ട്രീയ ഗൂഡാലോചനയുടെ പേരില്‍ തന്നെ കുടുക്കിയതാണെന്നും ഇഡി ഓഫിസിലേക്കുള്ള വഴിയില്‍ നാഗേന്ദ്ര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര ജൂണ്‍ ആറിന് രാജി സമര്‍പ്പിച്ചിരുന്നു. ഫണ്ട് തിരിമറിയെക്കുറിച്ച് പരാമര്‍ശിക്കുന്ന കത്തെഴുതി കോര്‍പറേഷനിലെ ഒരു തൊഴിലാളി മെയ് 26ന് ജീവനൊടുക്കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. മന്ത്രി നാഗേന്ദ്രയുടെ സമ്മര്‍ദ്ദത്തിലാണ് താന്‍ തട്ടിപ്പിന്റെ ഭാഗമായതെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. എസ്‌ഐടി, സിബിഐ, ഇഡി എന്നിങ്ങനെ മൂന്ന് ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെയായി 11 പേരാണ് അറസ്റ്റിലായത്. വകമാറ്റിയ തുകയില്‍ 14.5 കോടി ഇതിനകം തിരിച്ചുപിടിച്ചു.