
വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് വീണ്ടും. തട്ടിപ്പിനിരയായ വര്‍ധമാന്‍ ഗ്രൂപ്പ് മേധാവി എസ് പി ഒസ്‌വാളിന് 7 കോടി രൂപ നഷ്ടമായി. 82കാരനായ എസ് പി ഒസ് വാളിനെ വീഡിയോ കോളില്‍ വിളിച്ച തട്ടിപ്പുകാര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ കോടതി മുറി വരെ വ്യാജമായി തയ്യാറാക്കി കാണിച്ചിരുന്നു.
![]() |
|
ആഗസ്ത് 28, 29 ദിവസങ്ങളിലായി ഡിജിറ്റല്‍ അറസ്റ്റില്‍ വച്ച ഒസ് വാളിനെ സിബിഐ, ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വിളിച്ചതും മണിക്കൂറുകള്‍ ചോദ്യം ചെയ്തതും. ജെറ്റ് എയര്‍വേസിന്റെ മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിനെതിരായ കേസുകളുമായി ബന്ധപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഒസ് വാളിനെ വലയിലാക്കിയത്. ഒസ് വാളിന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് കാനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും ഇതുവഴിയുള്ള പണമിടമാട് ക്രമവിരുദ്ധമാണെന്നും സംഘം ചൂണ്ടിക്കാട്ടി.
എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ അറിവില്ലെന്നും ജെറ്റ് എയര്‍വേസില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ ആവശ്യപ്രകാരം തിരിച്ചറിയല്‍ രേഖയായ ആധാര്‍ കൊടുത്തിരിക്കാമെന്നും നരേഷ് ഗോയലുമായി തനിക്ക് ബന്ധമില്ലെന്നും ഒസ് വാള്‍ പറഞ്ഞെങ്കിലും തട്ടിപ്പ് സംഘം കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചും ആവശ്യപ്പെട്ടും വിശ്വാസ്യത നേടുകയായിരുന്നു. സുപ്രിംകോടതിയുടെ വ്യാജ ഉത്തരവും ഇതിനിടെ തട്ടിപ്പുകാര്‍ ഒസ് വാളിന് അയച്ചുനല്‍കിയിരുന്നു.
ദേശരഹസ്യനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ഡിജിറ്റല്‍ അറസ്റ്റിനെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ പറയുന്നവരും കേള്‍ക്കുന്നവരും മൂന്നുവര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഒസ് വാള്‍ ആരോടും ഒന്നും പറയാതെ തട്ടിപ്പുകാര്‍ നല്‍കിയ വിവിധ അക്കൗണ്ട് നമ്പരുകളിലേക്കായി ഏഴു കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി.
പണം നഷ്ടമായ ശേഷം തട്ടിപ്പാണെന്നു വ്യക്തമാവുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പണം അയച്ചുനല്‍കിയ അക്കൗണ്ടുകള്‍ പോലീസ് സംഘം ഉടന്‍ മരവിപ്പിക്കുകയും അഞ്ചുകോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്.