കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗ്രോ വാസുവിന് പിന്തുണ പ്രഖ്യാപിച്ച സതീശൻ തീവ്ര വലതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും വിഷയം നിയമസഭയിലുന്നയിക്കുമെന്നും വ്യക്തമാക്കി.
|
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ജയിലില്‍ ഗ്രോ വാസുവിനെ സന്ദർശിച്ചത്. ഗ്രോ വാസുവിന്റെ പ്രതിഷേധം മൂടിവയ്ക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വിപ്ലവം പറയുന്ന സര്‍ക്കാരിന് യോജിക്കുന്ന നടപടിയല്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. നിയമസഭ തല്ലിത്തകർത്തവർക്കെതിരായ കേസ് പിൻവലിക്കാൻ തയാറായവർ ഗ്രോ വാസുവിനെതിരായ കേസ് എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും വി ഡി സതീശൻ ചോദിച്ചു.
41 ദിവസമായി റിമാന്‍ഡില്‍ തുടരുന്ന ഗ്രോ വാസുവിന്റെ പോരാട്ട വീര്യം ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അതിന് ആര്‍ക്കുമാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗ്രോ വാസുവും പുതുപള്ളിയിലെ സതിയമ്മയുമൊക്കെയാണ് സർക്കാരിന്റെ ശത്രുക്കൾ. എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം? നമ്മളാണ് അദ്ദേഹത്തിന് മുന്നിൽ തല കുനിക്കേണ്ടതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ചയാണ് കേസ് കുന്നമംഗലം കോടതി പരിഗണിക്കുന്നത്. ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
2016ല്‍ നിലമ്പൂരില്‍ മാവോവാദി ബന്ധം ആരോപിച്ച് തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുമ്പില്‍ പ്രതിഷേധിച്ചെന്ന കേസിലാണ് ഗ്രോ വാസുവിനെ റിമാന്റ് ചെയ്തത്. കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരായില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാല്‍, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന വിഭാവനം ചെയ്യുന്നതാണെന്നും കേസിനെ അംഗീകരിക്കുന്നില്ലെന്നും പറഞ്ഞ് ഗ്രോവാസു ജാമ്യം നിരസിക്കുകയായിരുന്നു. കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനു വഴങ്ങാതിരുന്നതോടെയാണ് റിമാന്റ് ചെയ്തത്.





