|
കോഴിക്കോട്: ലൗ ജിഹാദ് ഉണ്ടെന്നും ഇക്കാര്യത്തിൽ മുമ്പ് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒറ്റപ്പെട്ടതെങ്കിലും ലൗ ജിഹാദ് എന്നൊന്നുണ്ട്. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന സമ്പന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് ആകർഷിക്കുന്നതിനായി സഹപാഠികൾ ബ്രെയിൻ വാഷ് ചെയ്യുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇത് മുമ്പും പറഞ്ഞതാണ്. ഇക്കാര്യം വീണ്ടും ആവർത്തിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗമാണ് മിക്ക മതപരിവർത്തനങ്ങൾക്കും പിന്നിൽ. എന്നാൽ മുഴുവൻ ക്രിസ്ത്യൻ സമൂഹത്തേയും താൻ പറയുന്നില്ല. മതപരിവർത്തനത്തിന് കോടികളാണ് അവർ ചെലവഴിക്കുന്നത് എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സർക്കാരിൻ മുസ്ലീംഭൂരിപക്ഷ സമുദായ പ്രീണനമാണ് എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ സർക്കാർ മുസ്ലീം സംഘടനകൾക്ക് മുന്നിൽ പതറി. ഇത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകിയത്. ജനാധിപത്യം പിന്നാക്കം പോയതുപോലെയും മതഗ്രൂപ്പുകളുടെ സമ്മർദത്തിൻ കീഴിൽ സർക്കാർ തലകുനിച്ചു.
ന്യൂനപക്ഷങ്ങളുടെയും മുന്നാക്ക സമുദായങ്ങളുടെയും താളത്തിനൊത്ത് സർക്കാർ നൃത്തം ചെയ്യുന്നു. ലത്തീൻ സമുദായം ന്യൂനപക്ഷം മാത്രമാണെങ്കിലും വിഴിഞ്ഞം കേസിൽ ഇടതു സർക്കാർ അവർക്ക് മുന്നിൽ തലകുനിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 96 ശതമാനം ജീവനക്കാരും മുന്നാക്ക സമുദായത്തിൽ നിന്നുള്ളവരാണ്. കൂടാതെ, ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റിനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങൾ മുന്നാക്ക സമുദായത്തിന് അനുകൂലമാണ്. മുന്നാക്ക സമുദായങ്ങൾ മൊത്തം ജനസംഖ്യയുടെ 15 ശതമാനം മാത്രമാണെങ്കിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 10 ശതമാനം സീറ്റുകൾ ആ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
പാർട്ടിയിൽ ചേരാൻ സഭയെ തള്ളിപ്പറയേണ്ടിവരുമെന്ന് ക്രിസ്ത്യൻ സമുദായ നേതാക്കളോട് സിപിഎം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ, അതേ പാർട്ടിയുടെ നേതാക്കൾ ബിഷപ്പുമാരെയും വൈദികരെയും കാണാൻ കാത്തിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാഷ്ട്രീയ പാർട്ടികൾ ഈഴവ യുവാക്കളെ തങ്ങളുടെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാനും അവര രക്തസാക്ഷികളാക്കാനുമാണ് ആഗ്രഹിക്കുന്നത്.
ക്രിസ്ത്യൻ, മുസ്ലീം വോട്ടർമാർ സി.പി.എമ്മിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു. ഈഴവർ സി.പി.എമ്മിന് വോട്ട് ചെയ്യുന്നത് തുടരും. കോൺഗ്രസ് പൂർണമായും മുസ്ലീം ലീഗിനെയാണ് ആശ്രയിക്കുന്നത്, എന്നാൽ ലീഗ് പോലും ശിഥിലമാകുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്ല സ്വാധീനം ഉണ്ടായിരുന്നെങ്കിലും കടുത്ത നിലപാടുകളുടെ സ്വാധീനം പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ സ്ഥാനം ദുർബലപ്പെടുത്തിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
vellapalli-natesan speeks on love jihad and hindu unity



