വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാറിനുനേരെ ചെരിപ്പേറ്. ( Video: Slipper hurled at PM Modi’s car in UP’s Varanasi ) തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലം സന്ദര്‍ശിക്കാനെത്തിയ മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് കാറിനു മുകളില്‍ ചെരിപ്പ് വന്നു വീണത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ ചെരിപ്പെടുത്ത് മാറ്റുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
|
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചശേഷം മോദി ആദ്യമായാണ് മണ്ഡലത്തിലെത്തിയത്. റോഡരികില്‍ ജനക്കൂട്ടം തിങ്ങിനില്‍ക്കുന്നതിനിടയില്‍നിന്നാണ് ചെരിപ്പ് കാറിന്റെ ബോണറ്റില്‍വന്നു വീണത്. അതീവ സുരക്ഷയുള്ള മോദിയുടെ ബുള്ളറ്റ് പ്രൂഫ് കാറിനുനേര്‍ക്ക് ചെരിപ്പ് വന്നു വീണത് വലിയ സുരക്ഷാ പാളിച്ചയായാണ് കണക്കാക്കുന്നത്. ചെരിപ്പ് എറിഞ്ഞയാളെ പിടികൂടിയോ എന്ന കാര്യം വ്യക്തമല്ല.
വാരണാസിയില്‍ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് മോദിയെ ഇക്കുറി വിറപ്പിച്ചു വിട്ടിരുന്നു. വോട്ടെണ്ണലിനിടെ, ഒരു ഘട്ടത്തില്‍ 6000ലേറെ വോട്ടിന് പിന്നിലായിരുന്നു മോദി. ഒടുക്കം ഒന്നരലക്ഷം വോട്ടിന്റെ നിറംകെട്ട ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. 2019 ല്‍ മോദിക്കെതിരെ മത്സരിച്ചപ്പോള്‍ 4.79 ലക്ഷം വോട്ടിനാണ് അജയ് റായ് തോറ്റത്. ഇത്തവണ വീണ്ടും റായ് തന്നെ എതിരാളിയായതോടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വീരവാദം. സ്വന്തം മണ്ഡലത്തില്‍ തന്നെ ജനപ്രീതി കുത്തനെ ഇടിഞ്ഞ മോദിക്ക് നേരെ ചെരിപ്പേറ് കൂടി വന്നത് വലിയ നാണക്കേടായി മാറി.





