തമിഴ്‌നാട്ടില്‍ കരൂറില്‍ വിജയുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് മരിച്ചത്. 107 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ പലരുടയും നില ഗുരുതരമാണ്. മരിച്ചവരുടെ വീടോ ആശുപത്രിയോ സന്ദര്‍ശിക്കാതെ വിജയ് ധൃതിപിടിച്ച് ചെന്നൈയിലേക്ക് മടങ്ങിയത് വ്യാപക വിമര്‍ശനത്തിനിടയാക്കി.
|
വിജയുടെ രാഷ്ട്രീയ സ്വപ്നങ്ങള്‍ക്ക് ഈ സംഭവം വലിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. അടുത്തിടെ വിജയിനെ വിമര്‍ശിച്ച് കൊണ്ട് നടി അംബിക സംസാരിച്ചിരുന്നു. ഇതിന് മുമ്പ് നടന്ന വിജയുടെ രാഷ്ട്രീയ പരിപാടിയിലുണ്ടായ സംഭവങ്ങളെയാണ് അംബിക അന്ന് വിമര്‍ശിച്ചത്.
മുഖ്യമന്ത്രിയാകണം എന്ന് എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി വര്‍ക്ക് ചെയ്യൂ. ഈയടുത്ത് നടന്ന ഇവന്റില്‍ വിജയുടെ ബൗണ്‍സേര്‍സ് മോശമായാണ് ജനങ്ങളോട് പെരുമാറിയത്. ജനങ്ങള്‍ക്ക് തായ്മാമന്‍ (അമ്മാവന്‍) ആണ് വിജയ് എന്ന് പറയുന്നു. എന്നാല്‍ ജനങ്ങളുടെ എത്ര പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ പോയിട്ടുണ്ട്. തായ് മാമന്‍ എന്നാല്‍ ഒട്ടിയിരിക്കുന്ന ബന്ധമാണ്. എന്നിട്ട് രണ്ട് പിള്ളേര്‍ വേദിയിലേക്ക് കയറി വന്നപ്പോള്‍ വിജയുടെ ബൗണ്‍സേര്‍സ് വലിച്ച് താഴെയിടുകയാണ് ചെയ്തത്. എന്താണിത്, ചെറിയ കുട്ടികളാണ് അതെന്ന് അപ്പോള്‍ പറയണമായിരുന്നു. ബൗണ്‍സേര്‍സിന്റെ ജോലി അവരുടെ കസ്റ്റമറെ സംരക്ഷിക്കലാണ്.
എന്നാല്‍ വിജയ് ചെയ്യേണ്ടിയിരുന്നത് എന്നെ കാണാന്‍ നിരവധി ആളുകള്‍ വരും. മുകളിലേക്ക് കയറും, അവര്‍ക്ക് ഒന്നും പറ്റാതെ, വേദനിപ്പിക്കാതെ നോക്കിയും കണ്ടും തടയണമെന്ന് പറയാമായിരുന്നു. വിജയ് പറഞ്ഞില്ലെങ്കിലും വിജയ്ക്ക് ഒപ്പമുള്ളവര്‍ പറഞ്ഞ് കൊടുക്കണമായിരുന്നു. ബൗണ്‍സേര്‍സ് അവരെ വേദിയില്‍ നിന്നും താഴേക്ക് തള്ളിയിട്ടു. അവര്‍ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ. രണ്ട് മൂന്ന് പേര്‍ അവിടെ മരിച്ചിട്ടുണ്ട്.
കരൂരിലെ വേലുസ്വാമിപുരത്ത് തന്റെ പാര്‍ട്ടി സംഘടിപ്പിച്ച റാലിക്കിടെ തിക്കിലുംതിരക്കിലും വന്‍ദുരന്തമുണ്ടായപ്പോള്‍ ഉടന്‍ സ്ഥലംവിട്ട വിജയ്ക്കെതിരെ ഉയരുന്നത് രൂക്ഷ വിമര്‍ശനം. പരിക്കേറ്റവരെയും മരിച്ചവരെയും പ്രവേശിപ്പിച്ച ആശുപത്രികള്‍ സന്ദര്‍ശിക്കാതെയോ സ്ഥലത്ത് ക്യാമ്പ് ചെയ്യാതെയോ സ്ഥലംവിട്ടതാണ് വിമര്‍ശനത്തിനിടയാക്കിയിരിക്കുന്നത്.
ദുരന്തമുണ്ടായി മരണസംഖ്യ ഉയരുന്നതിനിടെ വിജയ് കാറില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ എത്തി. തുടര്‍ന്ന് രാത്രി തന്നെ ചെന്നൈയിലെ സ്വന്തം വസതിയിലെത്തുകയും ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് വിജയ്യുടെ വസതിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പിന്നീട് മണിക്കൂറുകള്‍ക്കുശേഷമാണ് സമൂഹമാധ്യമങ്ങളില്‍ ‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ദുഃഖത്തിലാണ് ഞാന്‍’ എന്ന വിജയ്യുടെ പ്രസ്താവന വന്നത്.


