ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുമ്പോള്‍, സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘അജ്ഞാത ഘടകമായി’ തമിഴക വെട്രി കഴകം (TVK) അധ്യക്ഷന്‍ വിജയ്. ‘ഡിഎംകെ ഞങ്ങളുടെ രാഷ്ട്രീയ ശത്രുവും ബിജെപി പ്രത്യയശാസ്ത്ര ശത്രുവുമാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് തന്റെ കന്നി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീലയിട്ടത്.
|
ചെന്നൈയിലെ വൈഎംസിഎ ഗ്രൗണ്ടില്‍ നടന്ന സമാപന റാലിയില്‍ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു വിജയ്‌യുടെ പ്രസംഗം. ഭരണകക്ഷിയായ ഡിഎംകെയെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ച അദ്ദേഹം, യുവാക്കളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണയിലാണ് പ്രതീക്ഷ വെക്കുന്നത്.
വിജയ് പറഞ്ഞത്
‘വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ച ഡിഎംകെ സര്‍ക്കാരിനെ വീട്ടിലയക്കാനുള്ള അവസാന പ്രചാരണമാണിത്. വീട്ടുനികുതി, ശുദ്ധജല നികുതി, പ്രൊഫഷണല്‍ ടാക്‌സ് എന്നിവ വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.’
അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മോദിയുടെയും അമിത് ഷായുടെയും കാലുപിടിക്കുമെന്നും ഡിഎംകെയും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും വിജയ് ആരോപിച്ചു.
‘ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചുനില്‍ക്കുമ്പോള്‍ ആര്‍ക്കും നമ്മെ തൊടാനാകില്ല. മതേതര സാമൂഹിക നീതിയാണ് എന്റെ പാര്‍ട്ടിയുടെ നയം.’
തമിഴ് രാഷ്ട്രീയം ഇതുവരെ കണ്ടിട്ടുള്ള മൂന്നാം ശക്തികളില്‍ നിന്ന് (വൈക്കോ, വിജയകാന്ത്, കമല്‍ ഹാസന്‍) വിജയ്‌യെ വ്യത്യസ്തനാക്കുന്നത് യുവാക്കളുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധമാണ്. ആദ്യമായി വോട്ട് ചെയ്യുന്നവരും നഗരങ്ങളിലെ യുവാക്കളും വിജയ്‌യെ ഒരു മാറ്റമായി കാണുന്നു.
രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമോ?
രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍ പ്രകാരം വിജയ്‌യുടെ വോട്ട് വിഹിതം തുടക്കത്തില്‍ കരുതിയിരുന്ന 10 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് അധികാരം പിടിക്കാന്‍ വേണ്ട 30-35 ശതമാനം വോട്ട് ഷെയറിലേക്ക് എത്താന്‍ അദ്ദേഹത്തിന് കഴിയുമോ എന്നത് സംശയമാണ്. എങ്കിലും 20 മുതല്‍ 25 വരെ മണ്ഡലങ്ങളില്‍ വിജയ് ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാല്‍ ‘കിങ് മേക്കര്‍’ ആകാന്‍ വിജയ്ക്ക് സാധിക്കുമെന്നും ടിവികെ വൃത്തങ്ങള്‍ വിശ്വസിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ തുറന്ന വാഹനത്തില്‍ നടത്തിയ റോഡ് ഷോകളില്‍ വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമായത്. വില്ലിവാക്കം, അണ്ണാ നഗര്‍, ടി. നഗര്‍ തുടങ്ങി ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിജയ്‌യെ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി.
‘ഏപ്രില്‍ 23-ന് നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യൂ, അടുത്ത അഞ്ച് വര്‍ഷം മാത്രമല്ല, എന്നെന്നും ഞാന്‍ നിങ്ങളെ കേള്‍ക്കും,’ എന്ന വാഗ്ദാനത്തോടെയാണ് വിജയ് പ്രചാരണം അവസാനിപ്പിച്ചത്. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ വിജയ് തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി മാറുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.





