|
ന്യൂഡൽഹി: റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങിന് എതിരെ ലൈംഗിക ആരോപണവുമായി ഗുസ്തി താരങ്ങൾ. പരിശീലന ക്യാമ്പിൽ പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരകളായി. ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തു. താരങ്ങളുടെ സ്വകാര്യ ജീവിത്തതിൽ പോലും ഫെഡറേഷൻ ഇടപെടുകയാണെന്നും ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ ഗുസ്തി താരങ്ങൾ ആരോപിച്ചു.
ടോക്കിയോ ഒളിംപിക്‌സ് പരാജയത്തിന് ശേഷം ബ്രിജ് ഭൂഷൺ തന്നെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്ന് കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ താരം വിനേഷ് ഫോഗത്ത് പറഞ്ഞു. ‘ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു. ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ആയിരിക്കും.’ ഫോഗത്ത് പറഞ്ഞു.
ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവർ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരാണെന്നും നേതൃമാറ്റം ആവശ്യമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ഗുസ്തി താരം ബജ്രംഗ് പുനിയ ആവശ്യപ്പെട്ടു.
അതേസമയം, തനിക്കെതിരായ ലൈംഗികാരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിച്ചു. ആസൂത്രിതമായ ഗൂഢാലോചനയാണിതെന്നും ലൈംഗിക പീഡനം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കായികതാരം എങ്കിലും മുന്നോട്ട് വന്ന് ഇത് തെളിയിച്ചാൽ ഞാൻ തൂങ്ങിമരിക്കും. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



