ഗുവാഹത്തി: കോടതി ഉത്തരവുകള്‍ കാറ്റില്‍ പറത്തി വീണ്ടും ബുള്‍ഡോസര്‍ രാജ്. (Violation of supreme Court ban on bulldozer raj; Around 150 houses were demolished in Assam) ഗോള്‍പ്പാറ ജില്ലയിലെ കച്ചുതാലി ഗ്രാമത്തിലെ 150 ഓളം വീടുകളാണ് അനധികൃത നിര്‍മാണം എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളില്‍ അസം സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്. രാജ്യത്ത് ഒക്ടോബര്‍ ഒന്നുവരെ കെട്ടിടങ്ങള്‍ ബുള്‍ഡോസ് ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട സുപ്രീം കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് നടപടി.
|
ഇതേപ്രദേശത്ത് നടന്ന കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ച രണ്ട് ഗ്രാമവാസികള്‍ നേരത്തേ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും വീണ്ടും ആരംഭിക്കുകയായിരുന്നു. ഹൈദര്‍ അലി (22), സുബാഹിര്‍ അലി (22) എന്നീ യുവാക്കളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
ആദിവാസി മേഖലയിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയത്. സര്‍ക്കാരിന്റെ വിജ്ഞാപനം അനുസരിച്ച് ഇത്തരം പ്രദേശങ്ങളില്‍ ഗോത്രവിഭാഗക്കാര്‍, പട്ടിക വിഭാഗക്കാര്‍, ഗൂര്‍ഖകള്‍ തുടങ്ങിയ സംരക്ഷിത വിഭാഗക്കാര്‍ മാത്രമെ താമസിക്കാന്‍ കഴിയൂ എന്നാണ് നിയമം.
ഈ മാസത്തിന്റെ തുടക്കത്തില്‍ അസമിലെ കാംരൂപ് മൊട്രോ പൊളിറ്റന്‍ ജില്ലാ ഭരണകൂടവും ഏകദേശം 237 കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ രാജിലൂടെ തകര്‍ത്തിരുന്നു. ഇതുകാരണം 151 കുടുംബങ്ങള്‍ വഴിയാധാരാമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കച്ചുതാലിയിലും സമാനമായ അതിക്രമങ്ങള്‍ നടത്തിയത്.
അതേസമയം, ഭരണകൂടത്തിന്റെ വാദങ്ങള്‍ നിഷേധിച്ച് പ്രദേശവസികളും രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രദേശം ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യുന്നതിന് മുമ്പ് 1920കളില്‍ തന്നെ പ്രദേശവാസികളില്‍ പലര്‍ക്കും പട്ടയം കിട്ടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇത് സംബന്ധിച്ച കേസുകള്‍ നടന്നുകൊണ്ടിരിക്കവെയാണ് സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്.
എന്നാല്‍, ഭൂമി ജിഹാദ് ആരോപിച്ചും ബംഗ്ലാദേശികള്‍ എന്ന് മുദ്ര കുത്തിയുമാണ് അസമിലെ ബി.ജെ.പി സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നത്. 2016-24 വരെയുള്ള കാലയളവില്‍ 10,620 പേരെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒഴിപ്പിച്ചിരിക്കുന്നത്. മുസ്ലിംകളെ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളെന്നും ആരോപണമുണ്ട്.
അതേസമയം, അസം സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നടപടി വിവേചനപരമാണെന്ന് ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകന് റിസാവുല്‍ കരീം പ്രതികരിച്ചു. ഏത് തരത്തില്‍പ്പെട്ട ഭൂമിയായാലും അസം സര്‍ക്കാര്‍ മുസ്ലിംകള് താമസിക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കുന്നതെന്നു കരീം ചുണ്ടിക്കാട്ടി.
അനുമതി ഇല്ലാതെ കുറ്റാരോപിതരുടെ സ്വത്തുക്കള്‍ പൊളിക്കുന്ന ബുള്‍ഡോസര്‍ രാജ് നടപടി ഒക്ടോബര്‍ ഒന്നുവരെ നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി ഈയിടെ വ്യക്തമാക്കിയിരുന്നു. ബുള്‍ഡോസര്‍ രാജിനെതിരെ ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ്, ദല്‍ഹി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറ്റരോപിതരായവരുടെ സ്വത്തുവകകള്‍ അനധികൃതമായി ബുള്‍ഡോസര്‍ രാജ് ഉപയോഗിച്ച് പൊളിച്ച് മാറ്റുന്നതിനെ സംബന്ധിച്ചുള്ള ഹരജികള്‍ പരിഗണിക്കവെയായിരുന്നു ഉത്തരവ്.
ALSO WATCH
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





