ഇടുക്കി: കൊട്ടാരക്കരയിലേതിന് സമാനമായ ആക്രമണം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും. പൊലീസ് ചികിത്സയ്ക്കെത്തിച്ച വ്യക്തി അക്രമാസക്തനായി. തിരുവനന്തപുരം സ്വദേശി പ്രവീൺ ആണ് ആക്രമണം നടത്തിയത്.
|
ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് അടിപിടിയുണ്ടാക്കി പരിക്കേറ്റതിനെ തുടർന്ന് പൊലീസ് എത്തിച്ച ഇയാൾ ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പ്രവീൺ വരുമ്പോൾ തന്നെ അക്രമാസക്തനായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. മദ്യലഹരിയിലായിരുന്ന ഇയാളുടെ കൈ കാലുകൾ ബന്ധിച്ച ശേഷമാണ് പിന്നീട് ചികിത്സ നൽകിയത്. ജീവനക്കാരുടെ അവസരോചിത ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്.
സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായില്ലെന്നാണ് ആരോപണം. തുടർന്ന് ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും നേതൃത്വത്തിൽ നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനം നടത്തി. കൊട്ടാരക്കര സംഭവം നെടുങ്കണ്ടത്തും ആവർത്തിക്കുമെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസുകാര്‍ ചികിത്സയ്ക്കെത്തിച്ചയാള്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്നത്. ഹൗസ് സര്‍ജന്‍സിക്കെത്തിയ കോട്ടയം സ്വദേശിനിയായ ഡോ.വന്ദന ദാസാണ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡി. കോളജിലെ വിദ്യാര്‍ഥിനിയായ വന്ദനയെ ലഹരിക്കടിമയായ പൂയപ്പള്ളി സ്വദേശി ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് കുത്തിയത്.
അയൽവാസികളുമായി നടന്ന അടിപിടിയിൽ സന്ദീപിന്റെ കാലിന് മുറിവേറ്റിരുന്നു. ഇതിനിടെ വീട്ടിൽ വെച്ച് സന്ദീപ് പ്രകോപിതനായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ഡ്രസ്സിങ്ങിനിടെ കത്രിക കൈക്കലാക്കിയ ശേഷം ആക്രമണം നടത്തുകയായിരുന്നു. ആറ് കുത്തുകളാണ് ഡോക്ടര്‍ക്കേറ്റത്.
തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിലും മദ്യലഹരിയിൽ പരാക്രമം കാട്ടിയ യുവാവ് അറസ്റ്റിലായിരുന്നു. കൊല്ലം അഞ്ചാലുംമൂട് സ്വദേശി സുൽഫിക്കറിനെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ഇയാള്‍ പരാക്രമം കാണിച്ചത്. കേച്ചേരി എസ്ബിഐ ബാങ്കിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് ഇയാളെ പിടികൂടിയത്.





