മമ്പാട്: ഒരു പ്രത്യേക മതവിഭാഗത്തിനെ ഉന്നം വച്ചുകൊണ്ട് ഇന്നത്തെ ഭരണകൂടം ചെയ്ത് വെയ്ക്കുന്ന നെറികേടുകൾക്കെതിരെ ബഷീർ ജീവിച്ചിരുന്നെങ്കിൽ പേന കൊണ്ട് പൊരുതിയേനെ എന്ന് പ്രമുഖ എഴുത്തുകാരൻ പി കെ പാറക്കടവ്. എം ഇ എസ് മമ്പാട് കോളജ് സംഘടിപ്പിച്ച “വിശ്വ സാഹിത്യത്തിലെ വലിയ ഒന്ന്: ബഷീർ അനുസ്മരണം” പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് തേർവാഴ്ചയ്ക്കെതിരെ എഴുത്ത് കൊണ്ട് സമരം ചെയ്തതിന് ജയിലിലടയ്ക്കപ്പെട്ട ബഷീർ ഇന്നത്തെ അവസ്ഥയിൽ അസ്വസ്ഥനാവുക സ്വാഭാവികം. സാഹിത്യകാരൻ എന്നതിനപ്പുറം ജയിലറയും തന്റെ എഴുത്ത് പുരയാക്കി മാറ്റിയ ബഷീറിനെ ഓർത്തെടുക്കുമ്പോൾ ഇത് പറയാതെ വയ്യ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
|
ശരീയത്തും ചെല കൊസ്രകൊള്ളികളും എന്ന ബഷീർ – കാരശ്ശേരി അഭിമുഖം ഖത്തറിൽ പ്രസിദ്ധീകരിച്ചപ്പോൾ പ്രസക്ത ഭാഗങ്ങൾ സെൻസർ ചെയ്തിരുന്നു. ഇത് പാറക്കടവ് ബഷീറിനെ അറിയിക്കുകയും അഭിമുഖത്തിന്റെ യഥാർഥ പതിപ്പ് ബഷീർ കൈയൊപ്പ് പതിപ്പിച്ച് പാറക്കടവിന് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ഈ പതിപ്പ് മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം സദസ്സിന് മുമ്പിൽ പ്രദർശിപ്പിച്ചതും ഏറെ കൗതുകം ഉണർത്തി. ബേപ്പൂരിലേക്ക് ബഷീറിനെ കാണാൻ നടന്ന് പോയതും, ബഷീറുമായുള്ള സൗഹാർദ്ദ സംഭാഷണങ്ങളും പാറക്കടവ് ഓർത്തെടുത്ത് സംസാരിച്ചു.
മമ്പാട് കോളജിലെ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിഭാഗം, മലയാള വേദി, സെൻട്രൽ ലൈബ്രറി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. മൻസൂർ അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ മൈന ഉമൈബാൻ, മുഹമ്മദ് സജീർ, ലൈബ്രേറിയൻ അൻസൽ, ആൻഷി എന്നിവർ സംസാരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





