|
ചണ്ഡിഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിംഗ് വൈകീട്ട് ആറു മണി വരെ നീണ്ടുനിൽക്കും. മന്ദഗതിയിൽ ആണ് പോളിംഗ് തുടങ്ങുന്നത്.
സംസ്ഥാനത്ത് ആകെയുള്ള 90 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായി ആണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടര്‍മാര്‍ ഹരിയാനയുടെ വിധി നിര്‍ണയിക്കും. വോട്ടെടുപ്പ് പൂർത്തിയായ ജമ്മു- കശ്മീരിനൊപ്പം ചൊവ്വാഴ്ച ഹരിയാനയില്‍ വോട്ടെണ്ണല്‍ നടക്കും.
കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഹരിയാനയിലെ പ്രധാന പോരാട്ടം. പുറമേ ആംആദ്മി, JJP, INLD തുടങ്ങിയ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്. ബിജെപി തുടര്‍ ഭരണം പ്രതീക്ഷിക്കുമ്പോള്‍ പത്ത് വര്‍ഷത്തെ ഭരണത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കുക ആണ് കോൺഗ്രസ് ലക്ഷ്യം. കര്‍ഷ സമരം, അഗ്നിവീര്‍, ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭം അടക്കമുള്ള വിഷയങ്ങളും ഉയര്‍ത്തി ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്.
പത്ത് വര്‍ഷത്തെ ബിജെപി ഭരണത്തില്‍ നിലനിൽക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരം ആണ് കോൺഗ്രസ്സിൻ്റെ പ്രധാന പ്രതീക്ഷ. കൂടാതെ രാജ്യത്തെ വലിയൊരു കർഷക സമൂഹം ഉൾപ്പെടുന്ന ഹരിയാനയിൽ, കേന്ദ്ര സർക്കാരിൻ്റെ കർഷക നയങ്ങളും ബിജെപിക്ക് എതിരാണ്. ഇന്ത്യയുടെ അഭിമാന ഗുസ്തി താരം വിനേഷ് ഫോഗട്ട് പാർട്ടി സ്ഥാനാർത്ഥി ആയി മത്സരിക്കുന്നത് കോൺഗ്രസിൻ്റെ മറ്റൊരു നേട്ടം ആണ്.
ബിജെപി വിരുദ്ധ വോട്ടുകൾ ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും ഇടയിൽ ഭിന്നിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റുകള്‍ നേടിയ ജെജപിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും 69ഓളം വിമതരും മത്സര രംഗത്തുണ്ട്. ഇത് രണ്ട് പാര്‍ട്ടികള്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്.
voting begins in assembly election in haryana





