17
May 2024
Fri
17 May 2024 Fri

കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഓരോദിവസവും കൂടുകയും അടുത്ത ദിവസം അതുപോലെ ഇറങ്ങുകയും ചെയ്യുകയാണ്. ഇന്നലെ, അതായത് മെയ് 16ന് ഒരു ഗ്രാമിന് 320 രൂപയാണ് കൂടിയത്. ഇതോടെ വില 54,280 രൂപയായി.
എന്നാല്‍ രണ്ട് ദിവസമായി ഉയര്‍ന്ന വിലയില്‍ ഇന്ന് കുറവാണ് രേഖപ്പെടുത്തിയത്. 200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. 54,080 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,760 രൂപയും ആയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 60,000 രൂപയോളം ചെലവ് വന്നേക്കാം. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേരുമ്പോഴാണിത്. പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ വിലപേശേണ്ടി വരും. ചില ജ്വല്ലറികള്‍ പണിക്കൂലി ഇല്ലാതെ ആഭരണം വില്‍ക്കുന്നുണ്ട്. ചില ജ്വല്ലറികള്‍ പണിക്കൂലിയില്‍ ഇളവ് നല്‍കുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാ് സ്വര്‍ണം പോകുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വിലയില്‍ വരുംദിവസങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നാണ് വിവരം. രാജ്യാന്തരവിപണിയില്‍ എണ്ണവിലയില്‍ വര്‍ധനവ് പ്രകടമാണ്. ഡോളര്‍ സൂചിക ഇടിയുകയും ചെയ്തു. ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കരുത്ത് കാട്ടുന്നുണ്ട്. ചില്ലറ വിലക്കയറ്റത്തിലെ പുതിയ കണക്ക് സ്വര്‍ണ വിപണിക്ക് ഉണര്‍വേകിയിരിക്കുകയാണ്. സ്വര്‍ണവില ഇത്രയും കുതിക്കുമ്പോള്‍ സാധാരണക്കാര്‍ക്കാണ് ആശങ്ക. അതിനാല്‍ വിവാഹത്തിനും മറ്റുമായി സ്വര്‍ണം വാങ്ങുന്നവര്‍ അളവ് കുറയ്ക്കാനാണ് സാധ്യത.

വില കൂടിയെങ്കിലും പഴയ സ്വര്‍ണവില്‍ക്കുന്നവര്‍ക്ക് ഇത് അത്ര സന്തോഷമുള്ള കാര്യമല്ല. കാരണം പഴയ സ്വര്‍ണത്തിന് ഡിമാന്റ് ഇപ്പോള്‍ കുറവാണ്. മാത്രവുമല്ല, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 2000 രൂപയുടെ വരെ കുറവും വന്നേക്കും. വാങ്ങിയ ജ്വല്ലറിയില്‍ തന്നെയാണ് പഴയ സ്വര്‍ണം വില്‍ക്കുന്നതെങ്കില്‍ താരതമ്യേന ഉയര്‍ന്ന വില കിട്ടും.

വില കുതിച്ചുയര്‍ന്നതോടെ അഡ്വാന്‍സ് ബുക്കിങ് ട്രെന്‍ഡിങ്ങായി എന്നതാണ് വാസ്തവം. 18 കാരറ്റ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതാണ് മറ്റൊന്ന്. 22 കാരറ്റ് സ്വര്‍ണമാണ് മലയാളികള്‍ സാധാരണ ഉപയോഗിക്കാറ്. ഇതിനേക്കാള്‍ വലിയ വിലക്കുറവുള്ളതാണ് 18 കാരറ്റ് സ്വര്‍ണം. വില കുതിച്ചുയര്‍ന്നതോടെ 18 കാരറ്റില്‍ വ്യത്യസ്ത ഡിസൈനിലുള്ള ആഭരണങ്ങള്‍ ഇറക്കിയിരിക്കുകയാണ് ജ്വല്ലറികള്‍. ഇതാകട്ടെ, നിരവധി പേരെ ആകര്‍ഷിക്കുന്നുമുണ്ട്.

വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും സ്വര്‍ണം വാങ്ങുന്നത് ഒരിക്കലും നഷ്ടമാകില്ലെന്ന് ഈ രംഗത്തെ നിക്ഷേപകര്‍ പറയുന്നു.

പക്ഷേ ഇങ്ങനെ വിലകൂടുകയും കുറയുകയും ചെയ്യുമ്പോള്‍ പലരും ആലോചിക്കുന്ന ഒന്നാണ്, ആരാണ് ഇങ്ങനെ വില നിശ്ചയിക്കുന്നതെന്ന്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മൂന്ന് അംഗ കമ്മിറ്റിയാണ് കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്. ഇവര്‍ ദിവസവും രാവിലെ കൂടിയാലോചിച്ച് വില നിര്‍ണയിക്കും. കേരളത്തിലെ 95% സ്വര്‍ണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്.

Want to buy or sell gold here is some tips