ദുരന്തം വിഴുങ്ങിയ ചൂരല്‍മലയിലും അട്ടമലയിലും രാവിലെ ആറ് മണിയോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. (Wayanad Landslide Live: Rescue operations resumed at Mundakai; The death toll is 135) പോസ്റ്റ്മോര്‍ട്ടം നടപടികളും രാവിലെ തന്നെ തുടങ്ങും. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സൈന്യം വയനാട്ടിലേക്ക്. ഡല്‍ഹിയില്‍ നിന്നുള്ള സൈന്യം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങി റോഡ് മാര്‍ഗം വയനാട്ടിലേക്ക് എത്തും. രക്ഷാദൗത്യത്തിനായി കൂടുതല്‍ യന്ത്ര സാമഗ്രികളും എത്തിക്കുന്നു.
|
രാവിലെ ആരംഭിക്കാനിരിക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന് മുന്നോടിയായി ചൂരല്മലയിലേയ്ക്ക് ആംബുലന്‍സുകള്‍ എത്തിച്ചു. പ്രദേശത്തേക്കുള്ള ഗതാഗതം പൊലീസ് നിയന്ത്രിക്കും. വഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചു. മഴക്ക് ശമനമുണ്ടായ സാഹചര്യത്തില്‍ ഇന്നത്തെ ദൗത്യം സുഖമമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദുരന്തത്തില്‍ 135 പേരുടെ മരണമാണ് ഇതിനകം സ്ഥിരീകരിച്ചത്. ഇതില്‍ 66 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലടക്കമുള്ള 94 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി. പുലര്‍ച്ചെ 3 മണി വരെ സമയമെടുത്താണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത് 52 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 11 മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും പരമാവധി മൊബൈല്‍ ഫ്രീസറുകള്‍ മേപ്പാടിയില്‍ എത്തിക്കാനും നിര്‍ദേശമുണ്ട്.
മേപ്പാടി വിംസ് ആശുപത്രിയി നിലവില്‍ 85 പേര് ചികിത്സയിലുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ ചികിത്സ തേടിയ 59 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിന് കയറ് കെട്ടി മറുകരയെത്തും
ബെയ്ലി പാലം നിര്‍മ്മിക്കാന്‍ കാത്തിരിക്കില്ലെന്നും മുണ്ടക്കൈയിലേക്ക് എന്‍ഡിആര്‍എഫ് സംഘം ഉടന്‍ പോകുമെന്നും എന്‍ഡിആര്‍എഫ് സൗത്ത് കമാന്‍ഡന്റ് അഖിലേഷ് വ്യക്തമാക്കി. മണ്ണിനടിയില്‍പ്പെട്ടവരെ പുറത്തെത്തിക്കലാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കയറുകെട്ടി എന്‍ഡിആര്‍എഫ് സംഘം പുഴകടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക സംഘവും ചൂരല്‍ മലയില്‍ എത്തി.


