27
Aug 2024
Thu
27 Aug 2024 Thu
central government declared Wayanad land slide as severe disaster

Wayanad Landslide Live Updates | മലനിരകള്‍ക്ക് താഴെ മുണ്ടക്കൈ എന്ന ചെറുപട്ടണം ഇപ്പോഴില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലനിരകള്‍ക്ക് താഴെ മുണ്ടക്കൈ എന്ന ചെറുപട്ടണം ഇപ്പോഴില്ല. കുത്തിയൊഴുകിയ മലവെള്ളം വ്യാപാരസമുച്ചയത്തെയും ഒപ്പം നിരവധി വീടുകളെയും ഒറ്റ രാത്രി കൊണ്ട് തുടച്ചുമാറ്റി. രാത്രി വൈകി രണ്ടുതവണ കാതടിപ്പിക്കുന്ന വലിയ ശബ്ദത്തോടെ അങ്ങകലെ പുഞ്ചിരിമട്ടത്തില്‍ നിന്നും മല നിരങ്ങി വന്നതോടെ മുണ്ടക്കൈ എന്ന നാടൊന്നാകെ അതിലൊഴുകി പോവുകയായിരുന്നു. മുണ്ടക്കെയിലെ വ്യാപാര സമുച്ചയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

പ്രധാനപാതയില്‍ നിന്നും നൂറടിയോളം ഉയരത്തിലുള്ള മുസ് ലിം പള്ളിയുടെ രണ്ടാംനിലയുടെ ഉയരത്തില്‍ വരെയും വെള്ളവും ചളിയും വന്‍മരങ്ങളുമെത്തി. രണ്ട് കിലോ മീറ്ററോളം അകലത്തിലുള്ള പുഞ്ചിരിമറ്റത്ത് നിന്നും പാതയോരങ്ങളിലുണ്ടായിരുന്ന 26 വീടുകളോളം പൂര്‍ണ്ണമായും കാണാനില്ല. ഇപ്പോള്‍ ഇവിടെ ശേഷിക്കുന്നത് നാമമാത്ര വീടുകള്‍ മാത്രമാണ്.

കുട്ടികള്‍ മുതിര്‍ന്നവര്‍ പ്രായമുളളവര്‍ തുടങ്ങി മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം ഉയര്‍ന്നതോടെ മുണ്ടക്കൈ പ്രകൃതി ദുരന്തത്തിന്റെ ഏറ്റവും വലിയ കണ്ണീര്‍ കരയായിമാറി. ഉറ്റവരെല്ലാം മലവെളളത്തില്‍ വേര്‍പെട്ടപ്പോള്‍ ഈ നാട് വിജനതയുടെ ദുരന്തഭൂമിയാവുകയായിരുന്നു.

കാണാതായവരെത്തേടി മൂന്നാം നാള്‍

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 270 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 240 ഓളം പേര്‍ ഇപ്പോഴും കാണാമറയത്താണ്. ദുരന്തമുണ്ടായി മൂന്നാംദിവസമായ ഇന്നും തിരച്ചില്‍ പുരോഗമിക്കുകയാണ്. മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇതുവരെ 98 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 75 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയായി ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നുണ്ട്.

റേഷന്‍കട പ്രവര്‍ത്തനം ഉടന്‍ പുന:സ്ഥാപിക്കും
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ പ്രവര്‍ത്തന യോഗ്യമല്ലാതായ ARD 44, 46 എന്നീ കടകള്‍ അടിയന്തിരമായി പുന: സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ദുരന്തബാധിത പ്രദേശത്തെ ഈ രണ്ടു കടകളില്‍ നിന്നും റേഷന്‍ കൈപ്പറ്റാനാകാത്ത ഉപഭോക്താക്കള്‍ക്ക് ജൂലൈ മാസത്തെ റേഷന്‍ തുടര്‍ന്നും നല്‍കുന്നതിന് നിര്‍ദേശം നല്‍കി. ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സംഭവിച്ച മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങള്‍ കല്‍പ്പറ്റ ഡിപ്പോയുടെ പരിധിയില്‍ വരുന്നതാണ്. ദുരന്ത പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മേപ്പാടി, കല്‍പ്പറ്റ സൂപ്പര്‍മാര്‍ക്കറ്റുകളിലും, കല്‍പ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സി.എം.ഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തബാധിത മേഖലകളില്‍ വിതരണത്തിനാവശ്യമായ അരി, പഞ്ചസാര, കടല, വെളിച്ചെണ്ണ, വന്‍പയര്‍ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

താത്കാലിക പാലം മുങ്ങി
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച താത്കാലിക പാലം മുങ്ങി. പ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് മറുകരയിലേക്ക് മാറുകയായിരുന്നു.

അട്ടമലയില്‍ ഇന്ന് ആവശ്യത്തിന് ആളെ എത്തിക്കും. അട്ടമല ഉള്‍പ്പെടെ അഞ്ച് പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചിലെന്ന് മന്ത്രി കെ രാജന്‍. റിപ്പോര്‍ട്ടറിലൂടെ പഞ്ചായത്ത് മെമ്പര്‍ നൂറുദ്ധീന്‍ ഭക്ഷണം ആവശ്യപ്പെട്ട ഇടത്തേക്ക് ഭക്ഷണമെത്തിച്ചു. വിലപ്പെട്ട വസ്തുക്കള്‍ അതാത് ആളുകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കും. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ രാജന്‍ പറഞ്ഞു.

 

ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം ഭ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നു 

ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ (ബെയ്‌ലി പാലം) നിര്‍മ്മാണം നാളെ (ആഗസ്റ്റ് 1) വൈകുന്നേരത്തോടെ പൂര്‍ത്തിയാകും. 190 അടി നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം എളുപ്പമാകും. ഡല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവില്‍ നിന്നുമാണ് പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം വഴി എത്തിക്കുന്ന സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരിക. ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തില്‍ എത്തിയ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. ബുധനാഴ്ച വൈകീട്ട് കണ്ണൂരില്‍ എത്തുന്ന രണ്ടാമത്തെ വിമാനത്തില്‍ നിന്നുള്ള സാമഗ്രികള്‍ 15 ട്രക്കുകളിലായി രാത്രിയോടെ ചൂരല്‍ മലയില്‍ എത്തും. ബംഗ്ലൂരുവില്‍ നിന്നും കരമാര്‍ഗ്ഗവും സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കരസേനയുടെ 100 പേര്‍ കൂടി രക്ഷാദൗത്യത്തിനായി ഉടന്‍ ദുരന്തമുഖത്ത് എത്തും. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്‌നിഫര്‍ നായകള്‍ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയില്‍ എത്തും. മീററ്റില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇവ കണ്ണൂര്‍ വിമാനത്താവളത്തിലും അവിടെനിന്ന് ദുരന്ത മേഖലയിലും എത്തും.

 

രക്ഷാപ്രവര്‍ത്തനത്തിന് ഹൈ ആള്‍ട്ടിറ്റിയൂഡ് ടീം
പ്രത്യേക പരിശീലനം നേടിയ കേരള പൊലീസിന്റെ ഹൈ ആള്‍ട്ടിറ്റിയൂഡ് ടീം മുണ്ടക്കൈയില്‍. പെട്ടിമുടി ദുരന്തത്തിന് ശേഷമാണ് ഹൈ ആള്‍ട്ടിറ്റിയൂഡ് ടീം രൂപീകരിക്കുന്നത്.

മുഖ്യമന്ത്രി വയനാട്ടിലേക്ക്
മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് നിന്ന് ഹെലി കോപ്റ്ററില്‍ ബത്തേരിയില്‍ ഇറങ്ങും. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഒപ്പമുണ്ട്. 11.30ന് സര്‍വകക്ഷി യോഗം ചേരും.

ചൂരല്‍മലയില്‍ തിരച്ചില്‍
ചൂരല്‍മല വില്ലേജ് ഓഫീസിന് സമീപത്തെ തിരച്ചില്‍ തുടങ്ങുന്നു. ജെസിബി അടക്കമുള്ളവ എത്തിച്ചു. സ്‌നിഫര്‍ ഡോഗ്, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് തിരച്ചില്‍.

രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍?ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കും. രാവിലെ 9.45 ന് ഇരുവരും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. 12 മണിയോടെ ഇവര്‍ കല്‍പ്പറ്റയിലെത്തും. മേപ്പാടിയിലെ ക്യാമ്പുകളും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും ഇരുവരും സന്ദര്‍ശിക്കും.
ഇന്നലെ വയനാട്ടിലെത്താനായിരുന്നു ജില്ലയിലെ മുന്‍ എംപി കൂടിയായ രാഹുല്‍ഗാന്ധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയായതിനാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് യാത്ര ഇന്നത്തേക്ക് ഷെഡ്യൂള്‍ ചെയ്യുക ആയിരുന്നു.