കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും പിന്നീടുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ഇന്ന് മുതല്‍ പുതിയ ജീവിതം. ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയാണ് ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നത്. രാവിലെ പത്ത് മണിയോടെ അവര്‍ കളക്ടറേറ്റില്‍ എത്തി റവന്യുവകുപ്പില്‍ ക്ലാര്‍ക്കായി ചുമതലയേല്‍ക്കും. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റില്‍ തന്നെ അവര്‍ക്ക് നിയമനം നല്‍കുകയുംചെയ്തിരുന്നു.
|
സര്‍ക്കാര്‍ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രി കെ. രാജനും പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് റവന്യുവകുപ്പില്‍ നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ജോലിയില്‍ പ്രവേശിക്കുന്ന ശ്രുതിയെ ടി. സിദ്ദിഖ് എം.എല്‍.എ. വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു.
സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. മുന്നോട്ടുപോയി ജീവിക്കാനുള്ള കൈത്താങ്ങ് ആയതുകൊണ്ട് സന്തോഷമുണ്ട്. സര്‍ക്കാര്‍ വാക്ക് പാലിച്ചു. എല്ലാവരും നന്ദി പറയുകയാണെന്നും ശ്രുതി പറഞ്ഞു.
വയനാട് ഉരുള്‍പ്പൊട്ടലില്‍ ശ്രുതിക്ക് മാതാപിതാക്കളേയും സഹോദരിയേയുമാണ് നഷ്ടപ്പെട്ടത്. ചൂരല്‍മലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴായിരുന്നു ദുരന്തം. ഉറ്റവരെ ഒന്നാകെ നഷ്ടപ്പെട്ട ദുരന്തത്തില്‍ ശ്രുതിക്ക് താങ്ങായി നിന്നത് പ്രതിശ്രുത വരന്‍ ജെന്‍സണ്‍ ആയിരുന്നു. എന്നാല്‍ ഇതിനിടെ വാഹനാപകടത്തില്‍ ജെന്‍സനും മരിച്ചതോടെയാണ് അവര്‍ ഒറ്റപ്പെട്ടത്. അപകടത്തില്‍ കാലിന് പരിക്കേറ്റ ശ്രുതി ഈയടുത്താണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
Wayanad landslide victim Shruti to join government job today


