15
Dec 2023
Sat
15 Dec 2023 Sat

സ്ത്രീധനം ചോദിച്ച് പീഡനം, ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചു; മകളെയും കൂട്ടി ഭര്‍തൃവീട്ടിലെത്തി പ്രതിഷേധിച്ച് യുവതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടില്‍നിന്നും സ്ത്രീധനത്തിന്റെ പേരില്‍ ശാരീരിക മാനസിക പീഡനം നേരിട്ടുവെന്ന പരാതിയുമായി യുവതി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഷഹാന ബാനുവാണ് പരാതിയുമായി രംഗത്തെത്തിയത്. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചെന്ന് ആരോപിച്ച് യുവതി 11 കാരിയായ മകളെയും കൂട്ടി ഭര്‍തൃവീടിനു മുന്നിലെത്തി പ്രതിഷേധിക്കുകയും ചെയ്തു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ഒന്നര വര്‍ഷമായി മാറി താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിക്കുകയായിരുന്നെന്ന് ഷഹാന പറയുന്നു. വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ടുവന്നുവെന്നും ഷഹാന ആരോപിച്ചു.

”ഉപ്പ മരിച്ച് കഴിഞ്ഞ ശേഷം അയാളും അയാളുടെ രണ്ടു സഹോദരിമാര്‍, അവരുടെ ഭര്‍ത്താവ് എന്നിവര്‍ ചേര്‍ന്ന് എന്നെ സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. എന്റെ കയ്യില്‍ ഇനി ഒന്നും കൊടുക്കാനില്ല. എല്ലാം ഞാന്‍ കൊടുത്തു. 37 പവനും മൂന്നു ലക്ഷം രൂപയും ഒക്കെ കൊടുത്തു. അയാള്‍ എന്റെ വീട്ടില്‍ വന്ന് നിരന്തരം ശല്യം ചെയ്യുകയാണ്.”- ഷഹാന പറഞ്ഞു.

എന്നാല്‍ കുടുംബത്തിന് ചേരാത്ത രീതിയിലുള്ള ജീവിതമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് ഭര്‍തൃവീട്ടുകാരുടെ വാദം. ഷഹാനയ്ക്ക് പറന്നു നടക്കണമെന്നും ഫാഷനില്‍ ജീവിക്കണമെന്നും അതൊന്നും ഈ വീട്ടില്‍ നടക്കില്ലെന്നുമാണ് ഭര്‍തൃവീട്ടുകാരുടെ വാദം.

പൊലീസ് ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നാണ് ഇടപെട്ടതെന്ന് ഷഹാന ആരോപിച്ചു. ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് കാട്ടി യുവതിയും മകളും ബത്തേരി ആശുപത്രിയില്‍ ചികിത്സ തേടി.

The young woman complained that she faced severe dowry harassment from her husband and family. Shahana Banu, a resident of Batheri, Wayanad, and her eleven-year-old daughter came forward with a complaint the other day.