26
Jul 2024
Wed
26 Jul 2024 Wed
Chooralmala Landslide Live Updates

Waynad Landslid Live Updates | പുറംലോകം കാണാനാകാതെ അട്ടമല നിവാസികള്‍; സംസ്‌കാരം മതാചാരാപ്രകാരം, മരണം 162

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറപ്പെട്ടു. സൈനികരും NRDG ഉം അഗ്‌നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും. ഉരുള്‍പൊട്ടലില്‍ തീവ്രനാശം വിതച്ച മുണ്ടക്കൈ- ചൂരല്‍മല മേഖലയ്ക്ക് സമീപം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവില്‍ ദൗത്യസംഘം നാലു സംഘങ്ങളായി തിരിഞ്ഞാണ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

നാല് സംഘങ്ങളായാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തകരെയും രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൂരല്‍മലയിലെ അപകടത്തെ തുടര്‍ന്ന് നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്ന അട്ടമലയിലേക്ക് മറ്റൊരു ദൗത്യ സംഘം പുറപ്പെട്ടു. ഇവിടെയുള്ളവര്‍ക്ക് പുറത്തേക്ക് കടക്കാനുള്ള ഏകമാര്‍ഗം ചൂരല്‍മലയാണ്. ഉരുള്‍പൊട്ടലില്‍ പ്രദേശമാകെ ഒലിച്ചു പോയതോടെയാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ ഇവര്‍ ഇവിടെ കുടുങ്ങിയത്. നിലവില്‍ അട്ടമലയില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പരുക്ക് പറ്റിയവരുണ്ടെങ്കില്‍ ഇവര്‍ക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ സംഘം കൂടി ദൗത്യ സംഘത്തിനൊപ്പം അട്ടമലയിലേക്ക് നീങ്ങി.

രക്ഷപ്പെടുത്തി എത്തിക്കുന്ന അട്ടമല നിവാസികളെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കായിരിക്കും മാറ്റുക. അട്ടമലയില്‍ പ്രധാനമായും ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ അന്യസംസ്ഥാന തൊഴിലാളികളും ഉണ്ടെന്നാണ് നിഗമനം.

അട്ടമലയില്‍ മസ്ജിദില്‍ ഉസ്താദ് ഉള്‍പ്പെടെ 10 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്നലെ രാത്രി വൈകിയും അവരുമായി സംസാരിച്ചിരുന്നു. അവര്‍ ഭക്ഷണം കഴിച്ച് മാനസ്സികാരോഗ്യത്തോടെ രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

സംസ്‌കാരം മതാചാരാപ്രകാരം
ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് മേപ്പാടിയിലെ ശ്മശാനങ്ങളില്‍ അന്ത്യവിശ്രമമൊരുക്കി. ഇസ്ലാംമതവിശ്വാസികള്‍ക്ക് മേപ്പാടി വലിയ പള്ളി, നെല്ലിമുണ്ട മഹല്ല് ഖബര്‍ ഖബര്‍സ്ഥാനികളിലും ഹിന്ദുമത വിശ്വാസികള്‍ക്ക് മേപ്പാടി ടൗണിലെ ഹിന്ദുശ്മശാനത്തിലുമാണ് അന്ത്യവിശ്രമമൊരുക്കിയത്.

34 ഖബറുകളാണ് മേപ്പാടിയില്‍ ഒരുക്കിയത്. നെല്ലിമുണ്ടയില്‍ പത്തും. ഹിന്ദു മതാചാര പ്രകാരം മേപ്പാടി ശ്മശാനത്തില്‍ നൂറിലേറെ മൃതദേഹങ്ങള്‍ക്കാണ് ചിതയൊരുക്കിയത്. മേപ്പാടി പൊതുജനാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി അന്ത്യകര്‍മങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയില്‍ നിന്ന് പുറത്തുവരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 162 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്.

143 മൃതദേഹങ്ങളുെട പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 83 പേരെ തിരിച്ചറിഞ്ഞു. 191 പേരാണ് ചികിത്സയിലുള്ളത്. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടമാണ് പൂര്‍ത്തിയാക്കിയത്. ചാലിയാര്‍ പുഴയില്‍നിന്നു മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പോത്തുകല്ല് അങ്ങാടിക്ക് സമീപം പഴയ തോണിക്കടവിനടുത്താണ് മുതദേഹങ്ങള്‍ കണ്ടത്. പോത്തുകല്ലില്‍നിന്ന് ഇതുവരെ 60 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെയും തിരച്ചില്‍ നടത്തുന്നുണ്ട്. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികള്‍ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഹൃദയം തകരുന്ന കാഴ്ചകള്‍

ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈയില്‍നിന്ന് ഹൃദയം തകരുന്ന കാഴ്ചകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടതോടെ ഇന്ന് രാവിലെ മാത്രമാണ് ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായത്.

രക്ഷാപ്രവര്‍ത്തകര്‍ മരിച്ചവരെ പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ ആരുടെയും ഹൃദയം തകര്‍ക്കുന്നതാണ്. ചെളിയില്‍ മുങ്ങിയ വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് കയറുകെട്ടി അകത്തുകയറിയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. ചെളിയില്‍ മൂടിയ മൃതദേഹങ്ങള്‍ കസേരയില്‍ ഇരിക്കുന്നതും കട്ടിലില്‍ കിടക്കുന്നനിലയിലുമായിരുന്നു.