മുംബൈ: മഹാവികാസ് അഘാടി സഖ്യത്തില്‍ തങ്ങള്‍ വേണോ എന്ന കാര്യത്തില്‍ ഉടന്‍ മറുപടി നല്‍കണമെന്ന് മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എഐഎംഐഎം). (We will contest alone; AIMIM to Mahavikas Aghadi) സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങളോട് തിങ്കളാഴ്ച്ചയ്ക്കകം പ്രതികരിച്ചില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സ്വന്തം നിലക്ക് മത്സരിക്കുമെന്ന് എഐഎംഐഎം എഐഎംഐഎം നേതാവ് ഇംതിയാസ് ജലീല്‍ മുന്നറിയിപ്പ് നല്‍കി.
|
പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള സീറ്റുകളില്‍ മത്സരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജലീല്‍ പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും അടങ്ങുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ വീണ്ടും അധികാരത്തിലേറുന്നത് തടയണം. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പാര്‍ട്ടി നിലപാട് ജലീല്‍ വ്യക്തമാക്കിയത്.
എഐഎംഐഎമ്മിന് ശിവസേനയുടെ (ഉദ്ധവ് താക്കറെ വിഭാഗം) പ്രത്യയശാസ്ത്രങ്ങളുമായി വിയോജിപ്പുകളുണ്ട്. എന്നാല്‍, കര്‍ഷകരുടെയും സംസ്ഥാനത്തെ ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ മാനിച്ച് എംവിഎയുമായി യോജിക്കാന്‍ തയ്യാറാണെന്ന് ജലീല്‍ പറഞ്ഞു.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തിനകം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ മത്സരിക്കണമെന്നാണ് താത്പര്യമെന്നും ഇക്കാര്യം കോണ്‍ഗ്രസും ശരദ്പവാറിന്റെ എന്‍സിപിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും അടങ്ങുന്ന സഖ്യമായ മഹാവികാസ് അഘാഡി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.
എഐഎംഐഎമ്മിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ എംവിഎ കുറച്ച് സമയം ആവശ്യപ്പെട്ടെങ്കിലും അത് ഇതുവരെ നടന്നില്ലെന്നും അതിനാലാണ് ഒറ്റക്ക് മത്സരിക്കുമെന്ന നിലയിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” ഞങ്ങള്‍ കുറേ സീറ്റുകളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഒരുപാട് കാത്തിരുന്നു. ഇനി അവസാന നിമിഷം ഞങ്ങളെ കയറ്റാന്‍ അവര്‍ വിസമ്മതിച്ചാലോ? സെപ്റ്റംബര്‍ 9നകം അവര്‍ പ്രതികരിച്ചില്ലെങ്കില്‍, ഞങ്ങള്‍ക്ക് സ്വന്തം കാര്യം നേക്കേണ്ടി വരും. എത്ര സീറ്റില്‍ മത്സരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിച്ച് വരികയാണ്”- ജലീല്‍ കൂട്ടിച്ചേര്‍ത്തു.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം 44 സീറ്റുകളില്‍ മത്സരിച്ചെങ്കിലും രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത്.
അതേ സമയം, എഐഎംഐഎമ്മിനെ സഖ്യത്തില്‍ ചേര്‍ക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാമെന്നതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന അഭിപ്രായമാണു നേതാക്കള്‍ക്കുള്ളത്.


