ഇംഫാല്‍: കഴിഞ്ഞവര്‍ഷം മെയ് ആദ്യവാരം മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം യുദ്ധത്തിന് സമാനമായ സാഹചര്യത്തിലേക്ക്. തോക്കുകളും നാടന്‍ ബോംബുകളും ഡ്രോണുകളും റോക്കറ്റുകളും ഉൾപ്പെടെ ഉപയോഗിച്ചാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍ നടക്കുന്നത്. ജിരിബാം ജില്ലയില്‍ ഉണ്ടായ ആക്രമങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ആറുപേര്‍ ആണ് കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഈ മാസം ഒന്നിന് കുട്രുക് പട്ടണത്തില്‍ നടന്ന ഡ്രോണ്‍ ആക്രമത്തില്‍ ഒരു മെയ്തി വിഭാഗത്തിൽപ്പെട്ട സ്ത്രീ കൊല്ലപ്പെട്ടതോടെയാണ് ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായത്.
|
കുക്കി വിഭാഗക്കാര്‍ മലമുകളില്‍ നിന്ന് ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് മെയ്തികള്‍ക്ക് നേരെ ആക്രമണം നടത്തിവരുന്നതിനിടെ ആണ് സ്ത്രീ കൊല്ലപ്പെട്ടത്. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജിരിബാമില്‍ ഒരു 70 കാരനെ റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മെയ്തിക്കാരൻ ആയ വയോധികൻ കൊല്ലപ്പെട്ടിരുന്നു. ഇതേ സ്ഥലത്തെത്തിയ സൈനികരുടെ നേതൃത്വത്തിലുള്ള സംഘവും സായുധസംഘവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടന്നു. ഇരു കൂട്ടര്‍ക്കും ഇടയില്‍ മണിക്കുറുകള്‍ നീണ്ട വെടിവെപ്പാണ് ഉണ്ടായത്. ഇതിലാണ് നിരവധി പേര്‍ക്ക് പരിക്കേറ്റതും അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തത്.

സംഘര്‍ഷം രൂക്ഷമായതോടെ മെയ്തി സംഘടനകള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ ഓഫീസുകള്‍, മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് രംഗത്തെത്തിയത് സാഹചര്യം ഗുരുതരമാക്കി.
പുതിയ സാഹചര്യത്തിൽ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ അടിയന്തരമന്ത്രിസഭ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു. അഞ്ച് ദിവസത്തിനകം കുക്കികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സൈന്യത്തിനു നേരെ ജനം രംഗത്തിറങ്ങുമെന്ന് മെയ്തി സംഘടനാ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇത്തരം ആക്രമങ്ങളില്‍ കുക്കി, സോമി സംഘടനകള്‍ക്ക് ബന്ധമില്ലെന്ന് ആണ് ട്രൈബല്‍ നേതാക്കള്‍ പറഞ്ഞത്. ആക്രമണങ്ങൾ രൂക്ഷമായതോടെ ഇന്നലെ വൈകീട്ടോടെ ജിരിബാം ജില്ലയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
6 Killed In Manipur Violence, Bunkers Destroyed, Choppers On Patrol


