14
May 2026
Mon
14 May 2026 Mon
NARENDRA MODI

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെത്തുടര്‍ന്ന് ആഗോള വിതരണ ശൃംഖല തടസ്സപ്പെടുകയും എണ്ണ വിപണി പ്രതിസന്ധിയിലാവുകയും ചെയ്ത സാഹചര്യത്തില്‍, രാജ്യത്തെ സഹായിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറയ്ക്കണമെന്നും വിദേശനാണ്യ ശേഖരം സംരക്ഷിക്കാന്‍ അനാവശ്യ വിദേശ യാത്രകളും സ്വര്‍ണ്ണം വാങ്ങുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ദേശസ്‌നേഹം എന്നത് അതിര്‍ത്തിയില്‍ ജീവന്‍ ബലികൊടുക്കാന്‍ തയ്യാറാവുന്നത് മാത്രമല്ല. ഉത്തരവാദിത്തത്തോടെ ജീവിക്കുന്നതും ദൈനംദിന ജീവിതത്തില്‍ രാജ്യത്തോടുള്ള കടമകള്‍ നിറവേറ്റുന്നതും ഈ കാലഘട്ടത്തില്‍ വലിയ ദേശസ്‌നേഹമാണ്.’

ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ നിര്‍ദ്ദേശങ്ങള്‍

അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ മൂലം വിലക്കയറ്റവും വിതരണ തടസ്സങ്ങളും നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

മെട്രോകളും പൊതുഗതാഗത സംവിധാനങ്ങളും പരമാവധി ഉപയോഗിക്കുക.
കാര്‍ പൂളിംഗ് (Car-pooling) പ്രോത്സാഹിപ്പിക്കുക.
ചരക്ക് നീക്കത്തിന് റെയില്‍വേയെ കൂടുതല്‍ ആശ്രയിക്കുക.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് (EV) മാറുക.
കോവിഡ് കാലത്തെ പോലെ ‘വര്‍ക്ക് ഫ്രം ഹോം’, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ എന്നിവ വീണ്ടും നടപ്പിലാക്കുക.

‘സ്വര്‍ണ്ണാഭരണങ്ങളും വിദേശ യാത്രകളും ഒഴിവാക്കുക’

വിദേശനാണ്യ ശേഖരം കുറയുന്നത് തടയാന്‍ വിദേശത്തെ അവധിക്കാല ആഘോഷങ്ങളും വിവാഹങ്ങളും ഒഴിവാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അടുത്ത ഒരു വര്‍ഷത്തേക്ക് അനാവശ്യമായി സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ആരോഗ്യവും സാമ്പത്തികവും കണക്കിലെടുത്ത് ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുക, പാദരക്ഷകള്‍, ബാഗുകള്‍ എന്നിവയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളില്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും മോദി മുന്നോട്ട് വച്ചു.

രാസവളങ്ങളുടെ ഉപയോഗം പകുതിയായി കുറയ്ക്കാനും ഡീസല്‍ പമ്പുകള്‍ക്ക് പകരം സോളാര്‍ പമ്പുകള്‍ ഉപയോഗിക്കാനും പ്രധാനമന്ത്രി കര്‍ഷകരോട് ആവശ്യപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി

അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് കഴിഞ്ഞ രണ്ട് മാസമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായി. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ നികുതി ആവശ്യപ്പെടുമ്പോള്‍, ഇത് നല്‍കുന്ന കപ്പലുകള്‍ പിടിച്ചെടുക്കുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ 1500-ഓളം കപ്പലുകള്‍ കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (IMO) വ്യക്തമാക്കി. ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാത സുരക്ഷിതമാക്കാന്‍ സൈനിക നീക്കത്തിന് ഒരുങ്ങുന്നുണ്ടെങ്കിലും, ഇതിനെതിരെ ഇറാന്‍ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതോടെ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.

WFH, No Foreign Weddings: PM Modi’s Strategy To Combat Rising Prices

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക