അപ്രതീക്ഷിത ദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന മുണ്ടക്കൈയിലേക്ക് ആശ്വാസത്തിന്റെ പാലമൊരുങ്ങുന്നു.(What is Bailey bridge? How it is constructed?) ഇന്ത്യന്‍ സൈനികര്‍ കൈയുംമെയ്യും മറന്ന് രാത്രിമുഴുവന്‍ പണിയെടുക്കുന്ന ബെയ്ലി പാലം ഉടന്‍ സജ്ജമാകും. ഇതോടെ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗതയിലാകും. പാലങ്ങള്‍ ഒലിച്ചുപോവുകയും തകര്‍ന്നുവീഴുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലെല്ലാം കേള്‍ക്കുന്ന വാര്‍ത്തയാണ് സൈന്യം ബെയ്ലി പാലം നിര്‍മിച്ചു എന്നത്.

|
എന്താണ് ബെയ്ലി പാലം
വലിയ ചരിവുള്ളതോ ദുര്‍ഘടമോ ആയ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്ലി. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇന്ന് ഇത്തരം പാലം നിര്‍മിക്കുന്നത്. നേരത്തേ നിര്‍മിച്ചുവച്ച ഭാഗങ്ങള്‍ ആവശ്യമായ സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ത്താണിതു നിര്‍മ്മിക്കുന്നത്.
ആദ്യം നിര്‍മിച്ചത് കേരളത്തില്‍
ഇന്ത്യയില്‍ ആദ്യമായി സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി ബെയ്ലി പാലം നിര്‍മിച്ചത് കേരളത്തിലാണെന്നതും മറ്റൊരു സവിശേഷതയാണ്. പത്തനംതിട്ട റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് പകരം ഇത്തരം താല്‍ക്കാലിക പാലം സൈന്യം നിര്‍മിച്ചത്. 1996 നവംബര്‍ എട്ടിനായിരുന്നു ഇത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹനങ്ങള്‍ നദി കടന്നത്.

ശബരി മല സന്നിധാനത്ത് 2011 നവംബര്‍ ഏഴിനു നിര്‍മാണം പൂര്‍ത്തിയായ ബെയ്ലിപാലം ഇപ്പോഴും നിലവിലുണ്ട്. 90 ലക്ഷം രൂപ ചെലവിട്ടു റെക്കോര്‍ഡ് സമയത്തിലാണു പാലം നിര്‍മിച്ചത്. ബലക്ഷയമുണ്ടായ ഏനാത്ത് പാലത്തിനു പകരമായും സൈന്യം ബെയ്ലി പാലം നിര്‍മിച്ചിരുന്നു.
ഉരുക്കും തടിയും കൊണ്ടുള്ള സവിശേഷമായ പാലമാണിത്. രാജ്യത്ത് ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിര്‍മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയില്‍ ആണിതു നിര്‍മ്മിച്ചത്. അതിനു 30 മീറ്റര്‍ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഡൊണാള്‍ഡ് ബെയ്‌ലിയുടെ രൂപകല്‍പ്പന

1942ല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷ് കാരനായ ഡൊണാള്‍ഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം രൂപകല്‍പ്പന ചെയ്തത്. അദ്ദേഹത്തിനു പാലം നിര്‍മാണം ഹോബിയായിരുന്നു. പലപ്പോഴായി പല പാലങ്ങളുടെ മാതൃക അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. അതില്‍ ഒരു മാതൃകയാണ് ബെയ്ലി പാലത്തിന്റെ പിറവിക്കു കാരണമായത്. ഉത്തര ആഫ്രിക്കയിലായിരുന്നു ബ്രിട്ടിഷ് സൈന്യത്തിനായി ആദ്യ ബെയിലി പാലം നിര്‍മിച്ചത്.
ദുര്‍ഘടമായ മലനിരകളിലൂടെ ശത്രുരാജ്യത്തേക്കു പാറ്റണ്‍ ടാങ്കുകളില്‍ കുതിക്കാന്‍ ഏറ്റവും അനുയോജ്യമാണെന്ന് അറിഞ്ഞതോടെ ആ സാങ്കേതികവിദ്യയ്ക്ക് ആരാധകരേറെയായി. അങ്ങനെ കടല്‍ കടന്ന് ലോകം മുഴുവന്‍ ബെയ്ലി പാലങ്ങളെത്തി. ബ്രിട്ടിഷ്, കനേഡിയന്‍, അമേരിക്കന്‍ കരസേനയാണിന്ന് ഇത്തരം പാലങ്ങള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നത്.
ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ തിരച്ചില്‍ അതീവ ദുഷ്‌കരമാക്കുന്നത് ചെളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ്. ചെളി നിറഞ്ഞതിനെ തുടര്‍ന്ന് മണ്ണില്‍ കാലുറപ്പിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. തെരച്ചില്‍ ഫലപ്രദമാക്കാന്‍ യന്ത്രങ്ങള്‍ അനിവാര്യമാണ്. ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് യന്ത്രങ്ങള്‍ എത്തിക്കാന്‍ ബെയ്ലി പാലം അത്യാവശ്യമാണ്.
ഭാരം കുറവ്, അതിവേഗ നിര്‍മാണം

ബെയ്‌ലി പാലത്തിന് താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങളായതുകൊണ്ടു ട്രക്കുകളില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ എളുപ്പമാണ്. പാലത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് ആദ്യപടി. പിന്നെ പാലത്തിനുള്ള രൂപകല്‍പന തയാറാക്കും. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങള്‍ ട്രക്കുകളില്‍ നിര്‍മാണ സ്ഥലത്ത് എത്തിക്കുന്നതാണ് അടുത്തത്. ഭാരമുള്ള വസ്തുക്കളോ പ്രത്യേക ഉപകരണങ്ങളോ പാലം നിര്‍മിക്കാന്‍ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ക്രെയിനിന്റെ സഹായമില്ലാതെ ചെറിയ ട്രക്കുകളില്‍ ഉപകരണങ്ങള്‍ എത്തിക്കാം. താല്‍ക്കാലികമാണെന്നു കരുതി ഭാരമുള്ള വസ്തുക്കള്‍ കയറ്റാന്‍ പറ്റില്ല എന്നു കരുതേണ്ട. സാധാരണ വാഹനങ്ങള്‍ മുതല്‍ കനമേറിയ ടാങ്കറുകള്‍ വരെ പാലത്തില്‍ കയറ്റാനാകും. വശങ്ങളിലെ പാനലുകളാണ് പാലത്തിനു ബലം നല്‍കുന്നത്.
മുണ്ടക്കൈയില്‍ 190 അടി നീളമുള്ള പാലം

മുണ്ടക്കൈയില്‍ 190 അടി നീളത്തില്‍ 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലമാണ് നിര്‍മിക്കുന്നത്. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് നിര്‍മാണം. ഡല്‍ഹിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം വഴി എത്തിച്ച സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവന്നത്. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ (ഡിഎസ്സി) ക്യാപ്റ്റന്‍ പുരന്‍സിങ് നഥാവത് ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.


