15
Jan 2026
Tue
15 Jan 2026 Tue
prakash raj

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്യത്ത് നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വംശഹത്യയ്ക്കുള്ള ഒരുക്കങ്ങളാണെന്ന് പ്രമുഖ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ഗോത്രവര്‍ഗക്കാരെയും ന്യൂനപക്ഷങ്ങളെയും തുടച്ചു നീക്കുകയാണ് അവരുടെ അജണ്ട. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളുമൊന്നും അവര്‍ക്ക് ബാധകമല്ല. ഹൈദരാബാദില്‍ വിചാരണ തടവുകാര്‍ക്ക് നീതി തേടി എപിസിആര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തെ പോലീസ് സ്‌റ്റേഷനുകള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നുവെന്ന് നമുക്കറിയാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ”കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ട്. സാധാരണക്കാരും കുട്ടികളും സ്റ്റേഷനിലേക്ക് പോകാന്‍ ഭയക്കുന്നു. പിന്നീട് നമുക്കുണ്ടായിരുന്ന ആശ്രയം കോടതികളായിരുന്നു. എന്നാല്‍, ഇപ്പോള്‍ കോടതികളുടെ സ്ഥിതിയും ആശങ്കപ്പെടുത്തുന്നതാണ്.”

”കഴിഞ്ഞ കാലങ്ങളില്‍ ആരെങ്കിലും നമ്മെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, നമുക്കെതിരേ അമിതാധികാരം ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍, നമുക്ക് കോടതിയില്‍ കാണാം എന്ന് പറയുമായിരുന്നു. കാരണം കോടതിയായിരുന്നു നമ്മുടെ അവസാന പ്രതീക്ഷ. നമുക്ക് ഉറപ്പായിരുന്നു കോടതിയില്‍ നീതി ലഭിക്കുമെന്ന്. കോടതി ഏതെങ്കിലും പാര്‍ട്ടിയുടെയോ മതസംഘടനയുടെയോ സ്വന്തമല്ലെന്ന് നമുക്കറിയാമായിരുന്നു. എന്നാല്‍, ഞാന്‍ ഈ വേദിയില്‍ തുറന്നു പറയുന്നു. ഇന്ത്യയിലെ കോടതികളെക്കുറിച്ചോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. കാരണം, നീതിയെ കൊല്ലുന്നതിലൂടെ നിങ്ങള്‍ ഏറ്റവും വലിയ കുറ്റകൃത്യമാണ് ചെയ്യുന്നത്.”

ALSO READ: നിലപാടില്‍ മലക്കം മറിഞ്ഞ് വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ്; അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറെന്ന് ഡെല്‍സി റോഡ്രിഗസ്; വെനസ്വേലയില്‍ വീണ്ടും ആക്രമണം നടക്കുന്നതായി റിപോര്‍ട്ട്

”നിങ്ങള്‍ ബിജെപിക്കെതിരേ അല്ല പോരാടേണ്ടതെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. പോരാടേണ്ടത് ബിജെപിയുടെ ശക്തിയായ ആര്‍എസ്എസിനെതിരേ ആണ്. പഞ്ചതന്ത്രത്തില്‍ ഒരു കഥയുണ്ട്, രാക്ഷസനുള്ള കുളത്തിന്റെ കഥ. അതില്‍ ഒരു താമരയുണ്ട്. നമ്മള്‍ പോരാടുന്നത് താമരയ്‌ക്കെതിരേ ആണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പോരാടേണ്ടത് ആ താമരയ്ക്ക് ശക്തി നല്‍കുന്ന രാക്ഷസനെതിരേയാണ്.”

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരാള്‍ പോലും പങ്കെടുത്തിട്ടില്ലാത്ത സംഘടനയാണ് ആര്‍എസ്എസ്. ഇന്ത്യയുടെ സ്വാതന്ത്ര്യ പതാക ഒരിക്കല്‍ പോലും ഉയര്‍ത്തിയിട്ടില്ലാത്ത സംഘടന. ഭരണഘടന തകര്‍ത്ത് മനുസ്മൃതി സ്ഥാപിക്കലാണ് അവരുടെ അജണ്ട്. ഇന്ന് അവര്‍ മുസ്ലിംകളുടെ നേരെ വന്നു. നാളെ നിങ്ങളുടെ നേരെയും വരും. പൊരുതുക മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക വഴിയെന്നും പ്രകാശ് രാജ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക