ചെങ്കടലില്‍ നിരന്തരം ആക്രമണം നടത്തുന്ന ഹൂതികളെ ആഗോള ഭീകരപട്ടികയില്‍പ്പെടുത്താന്‍ യു.എസ്; നീക്കം തള്ളിയും വെല്ലുവിളി തുടര്‍ന്നും ഹൂതികള്‍
|
വാഷിംഗ്ടണ്‍: ചെങ്കടലില്‍ നിരന്തരം ആക്രമണം നടത്തുന്ന യമനിലെ ഹൂതികളെ ആഗോള ഭീകരപട്ടികയില്‍പ്പെടുത്താന്‍ യു.എസ് ശ്രമം തുടങ്ങി. എന്നാല്‍ യു.എസിന്റെ നീക്കം തള്ളിയും വെല്ലുവിളി തുടര്‍ന്നും ഹൂതികള്‍. ഹൂതി വിമതരെ ആഗോള ഭീകരരായി പട്ടികപ്പെടുത്തുമെന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടവര്‍ ആണ് സൂചന നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട നടപടി ബൈഡന്‍ ഭരണകൂടം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തിന്റെ സാഹചര്യത്തിലാണ് നീക്കം. ഗാസയില്‍ ഇസ്രാഈല്‍ നടത്തുന്ന സൈനിക നീക്കങ്ങളുടെ മറുപടിയാണ് കപ്പല്‍ ആക്രമണമെന്നാണ് സംഘം പറയുന്നത്. 2021ല്‍ യു.എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപാണ് ഹൂതികളെ ആഗോള ഭീകര പട്ടികയില്‍ നിന്നും വിദേശ ഭീകര പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.
കഴിഞ്ഞദിവസം രാത്രി മറ്റൊരു അമേരിക്കന്‍ കപ്പലിനു നേരെ കൂടി ഹൂതികള്‍ ആക്രമണം നടന്നതോടെയാണ് യു.എസ് നീക്കം ശക്തമാക്കിയത്. ചെങ്കടലില്‍ കപ്പല്‍ സുരക്ഷ ഉറപ്പാക്കാന്‍ സഖ്യരാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് പെന്റഗണനും മുന്നറിയിപ്പ് നല്‍കി. ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഹൂതികളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് യു.എസ് തീരുമാനം.
അമേരിക്ക പ്രത്യാക്രമണം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികളും അറിയിച്ചു. അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണം ഉണ്ടായാല്‍ വെറുതെ വിടില്ലെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി. ഗസ്സയില്‍ ഇസ്രായേല്‍ അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കുംവരെ ആ രാജ്യത്തേക്കുള്ള കപ്പലുകള്‍ അക്രമിക്കുന്നത് തുടരുമെന്നാണ് ഹൂതികളുടെ നിലപാട്. .


