|
ഭോപ്പാല്‍/ഹൈദരാബാദ്: ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ പരക്കെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. മധ്യപ്രദേശിലെ ഗുണയിലും തെലങ്കാനയിലെ ഹൈദരാബാദിലും ആണ് പ്രധാനമായും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇവിടെ മുസ്ലിം പള്ളികള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി. ഗുണയില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ഘോഷയാത്രക്കിടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഘോഷയാത്ര ഗുണയിലെ പള്ളിക്ക് മുന്നില്‍ ഏറെ നേരം നിര്‍ത്തുകയും ബാങ്ക് വിളി സമയത്ത് ഉച്ചത്തില്‍ ഡി.ജെ മ്യൂസിക് വയ്ക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്തതോടെ ഘോഷയാത്രയിലെ ചിലര്‍ പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെയാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പള്ളിക്ക് മുന്നില്‍ ഏറെ നേരം ഉച്ചത്തില്‍ ഡി.ജെ മ്യൂസിക് വയ്ക്കുന്നതും ഈ സമയമത്രയും ഘോഷയാത്രക്കാര്‍ പള്ളിക്ക് മുന്നില്‍ മുദ്രാവാക്യംവിളികളോടെ ആര്‍പ്പുവിളിക്കുന്നതുമായ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇരുവിഭാഗവും പരസ്പരം കല്ലേറ് നടത്തി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലിസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെയാണ് ഹനുമാന്‍ ജയന്തി ഘോഷയാത്ര നടത്തിയതെന്ന് എസ്.പി സഞ്ജീവ് കുമാര്‍ സിന്‍ഹ പറഞ്ഞു. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും എസ്.പി പറഞ്ഞു.
ഹൈദരാബാദില്‍ വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തിയ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെയാണ് മുസ്‌ലിം പള്ളിക്ക് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ മദന്നപേട്ട് ധോബിഘട്ടിലുള്ള മസ്ജിദുജമാല്‍ മുഹമ്മദിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഘോഷയാത്രക്കാര്‍ കല്ലെറിഞ്ഞതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജനല്‍ ഗ്ലാസ് പൊട്ടി പള്ളിക്കുള്ളിലേക്ക് തന്നെ വീണു. സംയമനം പാലിച്ച നാട്ടുകാര്‍ ഉടന്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി ഉടന്‍ ജനല്‍ച്ചില്ല് മാറ്റിസ്ഥാപിക്കുകയും അക്രമികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയുംചെയ്തു.
Widespread violence during Hanuman Jayanti procession





