30
Sep 2023
Sat
30 Sep 2023 Sat

ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; നിയമനിര്‍മ്മാണം ഉടന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: രാജ്യത്ത് ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡിജിറ്റല്‍ ഇന്ത്യ ആക്ടിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതടക്കം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും. ആര്‍ബിഐയുമായി ചേര്‍ന്ന് ഫിനാന്‍ഷ്യല്‍ ആപ്പുകളുടെ വൈറ്റ് ലിസ്റ്റ് തയ്യാറാക്കും. നിലവിലെ ഐടി നിയമത്തില്‍ ക്രിമിനല്‍ ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ രാജീവ് ചന്ദ്രശേഖര്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ പൊലീസ് ഗൗരവമായെടുക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

പാര്‍ലമെന്റെ സമ്മേളനത്തില്‍ ഡിജിറ്റല്‍ ഇന്ത്യ ബില്‍ അവതരിപ്പിക്കുമെന്നും ബില്ലു വരുന്നതോടെ ആപ്പ് സ്റ്റോറുകള്‍ക്കും പ്ലേ സ്റ്റോറുകള്‍ക്കും കര്‍ശന വ്യവസ്ഥകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി കടമക്കുടിയില്‍ ലോണ്‍ ആപ്പുകളുടെ കെണിയില്‍ കുടുങ്ങി മക്കളെക്കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂട്ട ആത്മഹത്യയ്ക്ക് ശേഷവും കുടുംബത്തെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാര്‍ വേട്ടയാടുകയാണ്. ബന്ധുക്കളുടെ ഫോണുകളിലേക്ക് മരിച്ച ശില്‍പ്പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോകള്‍ അയച്ചാണ് ഇപ്പോഴും ഭീഷണി തുടരുന്നതായാണ് റിപ്പോര്‍ട്ട്.