ഭര്‍ത്താവിനെ വിഷംകൊടുത്ത് കൊന്നശേഷം കൂട്ടുകാര്‍ക്ക് വന്‍ വിരുന്നൊരുക്കി യുവതി. യുഎസിലെ ഉത്തയിലാണ് സംഭവം. 2022 മാര്‍ച്ച് 24നാണ് കൊരി ഡാര്ഡന് റിചിന്സ് എന്ന യുവതി ഭര്‍ത്താവായ എറിക് റിചിന്സിനെ വിഷംനല്‍കി കൊന്നത്. ഇതിനു പിന്നാലെ കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്തി പാര്‍ട്ടി ഒരുക്കുകയും ആടിയും പാടിയും ആഘോഷിക്കുകയും ചെയ്തു. കൊലനടത്തി ഒരുവര്‍ഷം പിന്നിട്ട ശേഷം മാത്രമാണ് കൊലപാതകവിവരം പുറത്താവുന്നതും ഇവര്‍ പിടിയിലാവുന്നതും. കൊലപാതകശേഷം നിങ്ങള്‍ എനിക്കൊപ്പമുണ്ടോ എന്ന പേരില്‍ ഇവര്‍ കുട്ടികള്‍ക്കായ പുസ്തകം രചിക്കുകയും ചെയ്തിരുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ വേദനയെക്കുറിച്ചായിരുന്നു പുസ്തകത്തിലെ ഉള്ളടക്കം.
|
എറിക് റിചിന്സന്റെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങളാണ് കൊലപാതക സൂചന നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീര്യംകൂടിയ വേദനസംഹാരി അടക്കമുള്ളവ കൗരി പലരോടും ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമായി. വലിയതോതില്‍ മരുന്ന് സംഘടിപ്പിച്ച ശേഷം ഇത് മദ്യത്തില്‍ കലര്‍ത്തി ഭര്‍ത്താവിന് നല്‍കുകയും ഇതിനു പിന്നാലെ റിചിന്സണ് അനക്കമില്ലാതാവുകയും ചെയ്തു. തുടര്‍ന്ന് യുവതി പൊലീസിനെ വിളിച്ചു.
വോഡ്ക കുടിച്ച ഭര്‍ത്താവിന് അനക്കമില്ലാതായെന്നും സിപിആര്‍ നല്‍കിയിട്ടും ഉണര്ന്നില്ലെന്നുമായിരുടെ ഇവരുടെ കഥ. പൊലീസിന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയും കഴിഞ്ഞയാഴ്ച യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


