30
Jun 2024
Fri
30 Jun 2024 Fri
woman arrested for blackmailing with nude photos and extoting rupees 4 39 crore rupees from bank ceo

താനെ: നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി റിട്ട. ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്ന് 4.39 കോടി രൂപ തട്ടിയെടുത്ത യുവതി പിടിയില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിട്ട. ബാങ്ക് സിഇഒ ആയ 66കാരനാണ് പണം നഷ്ടമായത്. ഇരയുമായി ലൈംഗികബന്ധം സ്ഥാപിച്ച യുവതി ഇദ്ദേഹത്തിന്റെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ഇതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലപ്പോഴായി വന്‍തുക കൈക്കലാക്കുകയുമായിരുന്നു. പണം നഷ്ടപ്പെട്ട ഇര പോലീസില്‍ പരാതി നല്‍കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

താന്‍ ജോലി ചെയ്തിരുന്ന വദാലയിലെ ബാങ്കിലെത്തിയപ്പോഴായിരുന്നു യുവതിയെ പരിചയപ്പെട്ടതെന്ന് ഇര പരാതിയില്‍ പറയുന്നു. വായ്പ ആവശ്യത്തിന് ബാങ്കിലെത്തിയ യുവതി ഇതിനായി സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമായിരുന്നുവെന്നും തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 2017ല്‍ താന്‍ യുവതിയുടെ വീട്ടിലെത്തിയെന്നും പരാതിക്കാരന്‍ പറയുന്നു. വീട്ടിലെത്തിയ തന്നെ യുവതി രേഖകള്‍ പരിശോധിക്കാന്‍ മുറിയിലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി മുന്‍കൈയെടുത്ത് ഉദ്യോഗസ്ഥനുമായി ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്തു.

ഇതിനു ശേഷം ബാങ്കില്‍ നിന്ന് അഞ്ചുവര്‍ഷ കാലാവധിയില്‍ യുവതിക്ക് മൂന്നു ലക്ഷം രൂപ വായ്പ അനുവദിച്ചു. വായ്പ പാസായി ഒരു മാസത്തിനു ശേഷം യുവതി തന്റെ കൈയില്‍ ഉദ്യോഗസ്ഥന്റെ നഗ്നചിത്രമുണ്ടെന്നും ഇവ വീട്ടുകാര്‍ക്ക് അയച്ചുനല്‍കുമെന്നും ഭീഷണിപ്പെടുത്തുകയും ഇതു ചെയ്യാതിരിക്കാന്‍ എട്ടുകോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഇതോടെ പരിഭ്രാന്തനായ ഉദ്യോഗസ്ഥന്‍ അഞ്ചുലക്ഷം രൂപ യുവതിക്ക് നല്‍കി. ഇതിനു ശേഷം 2017 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 108 തവണയായി യുവതി ഉദ്യോഗസ്ഥനില്‍ നിന്ന് 4.39 കോടി രൂപ വാങ്ങിയെടുക്കുകയും ചെയ്തു. പിഎഫില്‍ നിന്നു പണം പിന്‍വലിച്ചും വായ്പയെടുത്തുമൊക്കെയായിരുന്നു ഉദ്യോഗസ്ഥന്‍ യുവതിക്ക് പണം നല്‍കിയിരുന്നത്.

അഞ്ചുലക്ഷം രൂപ കൂടി യുവതി വീണ്ടും ആവശ്യപ്പെട്ടതോടെയാണ് ഗതികെട്ട 66കാരന്‍ പരാതി നല്‍കിയതും അറസ്റ്റിലേക്ക് നയിച്ചതും. സംഭവത്തില്‍ യുവതിക്കു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.