|
ടെലിവിഷൻ ഓഫ് ചെയ്ത അമ്മായിയമ്മയുടെ കൈവിരലുകൾ മരുമകൾ കടിച്ചു മുറിച്ചു. ഇടപെടാൻ വന്ന ഭർത്താവിനെ ഇവർ തല്ലുകയും ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
യുവതിക്കെതിരേ പരാതിയുമായി ഭർതൃമാതാവും ഭർത്താവും പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞദിവസമാണ് 32കാരിയായ മരുമകൾ അമ്മായിയമ്മയെ കടിച്ചുപരിക്കേൽപ്പിച്ചത്. ഭർതൃമാതാവിന്റെ മൂന്നുവിരലുകളാണ് കടിയേറ്റുമുറിഞ്ഞത്.
വീട്ടിൽ ഭജന ചൊല്ലുന്നതിനിടെ ടിവിയുടെ ശബ്ദം കുറയ്ക്കാന് ആവശ്യപ്പെട്ടെങ്കിലും മരുമകള് അനുസരിക്കാതെ വന്നതോടെ ഭര്തൃമാതാവ് വൃശാലി കുൽക്കർണി(60)ടെലിവിഷൻ ഓഫാക്കുകയായിരുന്നു. ഈ സമയം മരുമകളായ വിജയ കുൽക്കർണി ടിവി കാണുകയായിരുന്നു. കണ്ടുകൊണ്ടിരുന്ന ടിവി ഭർതൃമാതാവ് ഓഫാക്കിയതോടെ കുപിതയായ വിജയ ഇതുചോദ്യം ചെയ്യുകയും വഴക്കിനിടെ ഇവർ വൃശാലിയെ കടിക്കുകയുമായിരുന്നു.
വഴക്കിനിടെ ഇടപെടാൻ വന്ന ഭർത്താവിനെ യുവതി തല്ലുകയും ചെയ്തുവെന്നാണ് പരാതിയിൽ കേസെടുത്ത ശിവാജി നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞത്.



