21
Apr 2025
Tue
21 Apr 2025 Tue
Woman files complaint against fraudsters after promising job in Kuwait

കുവൈത്ത് സിറ്റി: രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് ഭര്‍ത്താവിന് വീഡിയോ കോള്‍ ചെയ്ത് കുവൈത്തില്‍ ജോലിതട്ടിപ്പിനിരയായ പാലക്കാട് സ്വദേശിനിയായ ഫസീല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലിയും വേതനവും നല്‍കാതെ കുവൈത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായി കഴിഞ്ഞദിവസം പട്ടാമ്പി വല്ലപ്പുഴ സ്വദേശിനി ഫസീല (30) ഭര്‍ത്താവ് മുഖേന പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് ഭര്‍ത്താവിന് വിഡിയോ കോള്‍ചെയ്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം സ്വദേശിനി ജിജി, കാസര്‍കോട് സ്വദേശി ഖാലിദ്, ഇടുക്കി കട്ടപ്പന സ്വദേശി ബിന്‍സി എന്നിവര്‍ ചേര്‍ന്നു തന്നെ കുവൈത്തില്‍ എത്തിച്ചതെന്ന് ഫസീല ആരോപിച്ചു.

നാട്ടില്‍ ഹോം നഴ്‌സിങ് സ്ഥാപനത്തില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണു തിരുവനന്തപുരത്തെ ജിജിയെ പരിചയപ്പെട്ടതെന്നും കുവൈത്തില്‍ ജോലി ശരിയാക്കാമെന്നു വാഗ്ദാനം നല്‍കി പണം കൈപ്പറ്റി ഖാലിദിനെയും ബിന്‍സിയെയും പരിചപ്പെടുത്തിയെന്നും പിന്നീട് ഇവരെല്ലാം ചേര്‍ന്ന് തന്നെ കുവൈത്തില്‍ എത്തിക്കുകയായിരുന്നെന്നുമാണ് ഫസീല പറയുന്നത്.

കുവൈത്തില്‍ എത്തിയതോടെ വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചത്. ആദ്യം ഖാലിദിന്റെ വീട്ടിലും തുടര്‍ന്ന് ചില കുവൈത്ത് സ്വദേശികളുടെ വീട്ടിലും എത്തിക്കുകയും ഭക്ഷണവും വിശ്രമവും നല്‍കാതെ അടിമപ്പണി എടുപ്പിക്കുകയും ചെയ്തു. രോഗിയായപ്പോള്‍ ചികിത്സപോലും നല്‍കാതെ അപ്പോഴും ജോലി ചെയ്യിപ്പിച്ചു. വിസമ്മതിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നുമാണ് ഫസീല പറയുന്നത്.

ഇത് തന്റെ അവസാനത്തെ വീഡിയോ ആയിരിക്കാമെന്നും വല്ലാത്ത മാനസികാവസ്ഥയിലാണെന്നും ആരും ഈ കെണിയില്‍ പെടരുതെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഫസീലയെ രക്ഷിക്കാന്‍ നോര്‍ക്ക റൂട്‌സ് വഴി ശ്രമം ആരംഭിച്ചിട്ടുണ്ട്.

Woman files complaint against fraudsters after promising job in Kuwait