|
ബംഗളൂരു: നഗരപരിധിയിലെ മല്ലേശ്വരത്തെ ഒരു വീട്ടില്‍ നിന്ന് 29കാരിയായ യുവതിയുടെ ഛിന്നഭിന്നമായ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ നടുക്കത്തിലാണ് ബെംഗളൂരുവിലെ പൈപ്പ് ലൈന്‍ റോഡ് നിവാസികള്‍. ബെംഗളൂരു വ്യാളികാവലിലെ അപ്പാര്‍ട്ട്‌മെന്റിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയായ 29 വയസ്സുള്ള മഹാലക്ഷ്മിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു മഹാലക്ഷ്മിയുടെ കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുപ്പതിലേറെ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചനിലയിലായിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, 30 കഷണങ്ങളാക്കിയ മഹാലക്ഷ്മിയുടെ മൃതദേഹം ഫ്രിഡ്ജില്‍ നിറച്ച നിലയിലായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ഒറ്റമുറി വീട്ടില്‍ മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിലേക്കുള്ള റോഡ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബാരിക്കേഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം തുടരുന്നത്. യുവതിയെ പരിചയമുള്ള വ്യക്തിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം
ഒരാഴ്ച മുമ്പാണ് കൊല നടന്നതെന്നാണ് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ (വെസ്റ്റ് സോണ്‍) എന്‍ സതീഷ് കുമാര്‍ പറഞ്ഞത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‘അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ അവള്‍ മറ്റൊരു സംസ്ഥാനക്കാരനാണ്- കുമാര്‍ മപറഞ്ഞു.
അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് കനത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് പ്രദേശത്തെ നടുക്കിയ അരുംകൊല പുറംലോകമറിയുന്നത്. ദുര്‍ഗന്ധം വമിക്കുന്നത് കഴിഞ്ഞദിവസങ്ങളില്‍ തന്നെ അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രദേശത്ത് മാലിന്യങ്ങളുള്ളതിനാല്‍ അതിനുള്ളില്‍ തെരുവുനായ്ക്കളോ മറ്റോ ചത്തുകിടക്കുന്നതാകുമെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍, അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് മനസിലായതോടെ അയല്‍ക്കാര്‍ കെട്ടിട ഉടമയെ വിവരമറിയിച്ചു. ഇതേ കെട്ടിടത്തില്‍ താഴത്തെ നിലയിലായിരുന്നു ഉടമയുടെയും താമസം. തുടര്‍ന്ന് കെട്ടിട ഉടമ സമീപത്ത മഹാലക്ഷ്മിയുടെ അമ്മയെയും സഹോദരിയെയും വിവരമറിയിച്ചു. ഇവരുടെ സാന്നിധ്യത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയതോടെയാണ് ഫ്രിഡ്ജിനുള്ളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലാണ്. 165 ലിറ്ററിന്റെ സിംഗിള്‍ ഡോര്‍ ഫ്രിഡ്ജില്‍ താഴെയാണ് യുവതിയുടെ അറത്തുമാറ്റിയ തല വെച്ചിരുന്നത്. ഇതിന്റെ മുകളിലായി കൈകാലുകളും കണ്ടെത്തി. മുപ്പതിലേറെ കഷണങ്ങളാക്കിയാണ് മൃതദേഹം വെട്ടിനുറുക്കിയത്. അവശിഷ്ടങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ഭര്‍ത്താവുമായി പിരിഞ്ഞ് തനിച്ച് താമസം
ഭര്‍ത്താവുമായി പിരിഞ്ഞ മഹാലക്ഷ്മി കഴിഞ്ഞ ഏഴ് മാസമായി വ്യാളികാവലിലെ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു താമസം. നേരത്തെ ഭര്‍ത്താവിനും നാലുവയസ്സുള്ള മകള്‍ക്കും ഒപ്പം നെലമംഗലയിലാണ് താമസിച്ചിരുന്നത്. എന്നാല്‍, ഭര്‍ത്താവുമായി പിരിഞ്ഞശേഷം വ്യാളികാവലിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റി. ഇതിന് അടുത്തു തന്നെയാണ് യുവതിയുടെ അമ്മയും സഹോദരിയും താമസിച്ചിരുന്നത്.
ഇരുപതുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മഹാലക്ഷ്മിയുടെ കുടുംബം ബിഹാറില്‍നിന്ന് ബെംഗളൂരുവിലെത്തിയത്. നഗരത്തിലെ ഒരു ഷോപ്പിങ് മാളിലായിരുന്നു മഹാലക്ഷ്മി ജോലിചെയ്തിരുന്നത്. രാവിലെ ഇരുചക്രവാഹനത്തില്‍ ജോലിസ്ഥലത്തേക്ക് പോയിരുന്ന യുവതി രാത്രി പത്തരയോടെ മടങ്ങിയെത്തും. എന്നാല്‍, സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ മഹാലക്ഷ്മിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സെപ്റ്റംബര്‍ രണ്ട് മുതല്‍ പോണ്‍ ഓഫായിട്ടും ബന്ധുക്കളാരും ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കാതിരുന്നത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്.
woman found killed and stuffed in fridge at bengaluru vyalikaval





